കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട: രാജ്യത്തെ സാധാരണ ജനങ്ങളെ കാണാതെ പോവുകയും കോര്‍പ്പറേറ്റുകള്‍ക്കും മുതലാളിത്ത ശക്തികള്‍ക്കും വേണ്ടിയുള്ളതായി കേന്ദ്ര ബജറ്റ് മാറുന്നതായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റഴിച്ചു കൊണ്ടിരിക്കുന്നതോടൊപ്പം എല്‍ഐസിയും വില്‍ക്കാനുള്ള പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. തൊഴിലാളികള്‍ക്ക് അനുകൂലമായ ഒരു കാര്യവും ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ആവര്ത്തനമായിരിക്കയാണ്. തൊഴിലുറപ്പ് പദ്ധതിയെ വെട്ടിക്കുറക്കുന്ന നയത്തോടൊപ്പം കേരളത്തെ അവഗണിക്കുന്ന നിലപാടാണ് ഈ ബജറ്റില്‍ കാണാന്‍ കഴിഞ്ഞത്. ഇത്തരം ജനദ്രോഹ നയത്തിനെതിരെ എഐടിയുസി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും പ്രതിഷേധ സമരം നടത്തി. ഇരിങ്ങാലക്കുട പോസ്റ്റോഫീസിനു മുന്നില്‍ നടന്ന സമരം മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, ബാബു ചിങ്ങാരത്ത്, ജോളി ചാതേരി എന്നിവര്‍ പ്രസംഗിച്ചു.