‘ഗ്രാമജാലകം’ ഗ്രാമങ്ങള്‍ക്ക് മാതൃക: മന്ത്രി ഡോ. ആര്. ബിന്ദു; കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കി വേളൂക്കര പഞ്ചായത്തിന്റെ പ്രസിദ്ധീകരണം

ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിന്റെ സ്വന്തം പ്രസിദ്ധീകരണമായ ‘ഗ്രാമജാലകം’ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കി. പ്രസിദ്ധീകരണത്തിന്റെ രജതജൂബിലി പതിപ്പിന്റെ പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വെച്ചു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും മാതൃകയായി ഗ്രാമജാലകം പ്രകാശം പരത്തുന്നുവെന്നു മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തനമേഖലകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്രകാരം രേഖപ്പെടുത്തുന്നതു ഭാവിതലമുറയ്ക്ക് ഉപകാരപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1996ല്‍ വേളൂക്കര ഗ്രാമപഞ്ചായത്തിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വേളൂക്കര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ് ‘ഗ്രാമജാലകം’ പ്രസിദ്ധീകരണം തുടങ്ങിയത്. ആദ്യലക്കം നോവലിസ്റ്റ് കെ.എല്‍. മോഹനവര്മയാണു പുറത്തിറക്കിയത്. ജനകീയാസൂത്രണ പദ്ധതി നടപ്പായതോടെ ‘ഗ്രാമജാലകം’ വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക സാംസ്കാരിക പ്രസിദ്ധീകരണമായി. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ക്കു മാത്രമല്ല പഞ്ചായത്തിലും ചുറ്റുപാടുമുള്ള സര്‍ഗപ്രതിഭകളുടെ രചനകള്‍ക്കുള്ള വേദികൂടിയായി ഇതു മാറി. കുട്ടികളുടെ പ്രത്യേക പതിപ്പ്, സ്വാതന്ത്ര്യദിന പതിപ്പ്, സ്ത്രീകളുടെ പ്രത്യേക പതിപ്പ്, ഓണപ്പതിപ്പ് തുടങ്ങിയ വിശേഷാല്‍ പതിപ്പുകളും ഇതിനോടകം പ്രസിദ്ധീകരിച്ചു. ഗ്രാമസഭകളിലൂടെയാണു പ്രസിദ്ധീകരണം വിതരണം ചെയ്യുന്നത്. 2020 ഓഗസ്റ്റിലാണ് അവസാനമായി ‘ഗ്രാമജാലകം’ പുറത്തിറക്കിയത്. പിന്നീട് അടച്ചിടലിനെ തുടര്‍ന്നു പ്രസിദ്ധീകരണം മുടങ്ങി. 2022 ജനുവരിയില്‍ 100 പേജ് വരുന്ന രജതജൂബിലി പതിപ്പുമായി വീണ്ടുമെത്തി. വര്‍ഷങ്ങളായി തുമ്പൂര്‍ ലോഹിതാക്ഷനാണ് ‘ഗ്രാമജാലക’ത്തിന്റെ മുഖ്യപത്രാധിപര്‍. ഖാദര്‍ പട്ടേപ്പാടം, ബാലകൃഷ്ണന് അഞ്ചത്ത്, അഭി തുമ്പൂര്‍, ടി.എസ്. സജീവന്, സെബി മാളിയേക്കല്‍, പി.ഡി. ജയരാജ്, റൈസന്‍ കോങ്കോത്ത് തുടങ്ങിയവരാണു പത്രാധിപസമിതി അംഗങ്ങള്‍. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ധനേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ജെ. സതീഷ്, കടുപ്പശേരി ജിയുപിഎസ് പ്രധാന അധ്യാപിക സി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമജാലകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, പത്രാധിപര്‍ തുമ്പൂര്‍ ലോഹിതാക്ഷന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.