കൂടല്‍മാണിക്യം ഉത്സവം: കലാപരിപാടികള്‍ സജീവമായി
ഇരിങ്ങാലക്കുട: കോവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2021 ലെ ഉത്സവം മൂന്നു ദിവസം പിന്നിട്ടതോടെ സജീവമായി. കനത്ത ചൂടുമൂലം പകലിനേക്കാളും രാത്രിയിലാണു ക്ഷേത്രസന്നിധിയിലേക്കു വലിയ തോതില്‍ ജനങ്ങളെത്തുന്നത്. മൂന്നാനയ്ക്കു ചടങ്ങു മാത്രമായിട്ടാണു രാവിലെ ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടക്കുന്നത്. ശീവേലിക്കു പാറമേക്കാവ് കാശിനാഥനും വിളക്കിന് അക്കിക്കാവ് കാര്‍ത്തികേയനും തിടമ്പേറ്റി. ശീവേലിക്കും വിളക്കിനും പഞ്ചാരിമേളത്തിനും ചെറുശേരി ശ്രീകുമാര്‍ പ്രമാണം വഹിച്ചു. വിവിധ നൃത്തങ്ങളുമായി വൈകുന്നേരങ്ങളിലെ കലാപരിപാടികളും സജീവമായി. പൂര്‍ണമായും സമര്പ്പണമായിട്ടാണു മേളവും കലാപരിപാടികളും അരങ്ങേറുന്നത്.
മന്‍സിയയുടെ ഭര്‍ത്താവും വയലിന് കലാകാരനുമായ ശ്യാം കല്യാണെത്തി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2021 ലെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളില്‍ നിന്നാണ് അഹിന്ദുവായതിന്റെ പേരില്‍ മന്‍സിയയ്ക്ക് അവസരം നിഷേധിച്ചത്. മന്‍സിയയ്ക്ക് അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു മൂന്നുപേര്‍ പരിപാടിയില്‍ നിന്നു പിന്‍വാങ്ങിയിരുന്നു. വിവാദങ്ങള്‍ തുടരുമ്പോഴാണു കഴിഞ്ഞ ദിവസം രാത്രി നടന്ന നീലംപേരൂര്‍ സുരേഷ് കുമാറിന്റെ കര്‍ണാടക സംഗീതത്തിനു വയലിന് വായിക്കാന്‍ ശ്യാം കല്യാണ്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തിയത്. നീലംപേരൂര്‍ സുരേഷ് കുമാറിനെയും ശ്യാം കല്യാണിനെയും മൃദംഗവാദകന്‍ കോട്ടയം മനോജ്കുമാറിനെയും ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. മണികണ്ഠന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.