ശാസ്ത്ര പ്രതിഭയുടെ നാട്ടില്‍ കുതിച്ചുയരാതെ ഐഎസ്ആര്‍ഒ സബ് സെന്റര്‍
പ്ലാനിറ്റേറിയം കെട്ടിടം ഇരിങ്ങാലക്കുട നഗരസഭ ലൈബ്രറിയാക്കുന്നു
ഇരിങ്ങാലക്കുട: പ്ലാനിറ്റേറിയം സജ്ജമാക്കാന്‍ നിര്‍മിച്ച കെട്ടിടം ഇരിങ്ങാലക്കുട നഗരസഭ ലൈബ്രറിയാക്കി മാറ്റുന്നു. വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും ബഹിരാകാശ മേഖലയില്‍ ആഭിമുഖ്യം വളര്‍ത്തുന്നതിനുമായാണ് ഐഎസ്ആര്‍ഒ സബ് സെന്ററിനായി കെട്ടിടം നിര്‍മിച്ചത്. ഇരിങ്ങാലക്കുടക്കാരനായ ഡോ. കെ. രാധാകൃഷ്ണന് ഐഎസ്ആര്‍ഒ ചെയര്‍മാനായി സ്ഥാനമേറ്റതോടെ ജന്മനാടു നല്കിയ സ്വീകരണ സമ്മേളനത്തിലാണു ഇരിങ്ങാലക്കുടയില്‍ ഐഎസ്ആര്‍ഒയുടെ ഒരു സബ് സെന്റര്‍ ഉണ്ടാകണമെന്ന ആശയം മുന്നോട്ടുവെച്ചത്. സ്വീകരണ ചടങ്ങില്‍ ഒരു സ്വപ്ന പദ്ധതിയായി ഡോ. കെ. രാധാകൃഷ്ണന് അവതരിപ്പിച്ച പദ്ധതിയെ അന്നത്തെ നഗരസഭാ ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡ് സ്വാഗതം ചെയ്യുകയും സെന്റര്‍ തുടങ്ങാന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ആദ്യം ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂളിന്റെ മുന്‍വശത്തെ പഴയ കെട്ടിടം ഐഎസ്ആര്‍ഒയ്ക്കു കൈമാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മുനിസിപ്പല്‍ പാര്‍ക്കിനോടു ചേര്‍ന്നു കെട്ടിടം നിര്‍മിക്കുകയായിരുന്നു. കുട്ടികള്‍ക്കു പഠനാവശ്യത്തിനായി 581 സ്ക്വയര്‍ ഫീറ്റ് സ്ഥലത്ത് പ്ലാനിറ്റോറിയം, 125 സ്ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഓഫീസ് റൂം എന്നിങ്ങനെ 1190 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ളതാണു ഈ കെട്ടിടം. 15 ലക്ഷം രൂപ ചെലവഴിച്ചാണു കെട്ടിടം നിര്‍മിച്ചത്. 2015 മെയ് 10 നു അന്നത്തെ നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയാണു തറക്കല്ലിട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മിതി കേന്ദ്രമാണു ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 2017 ഫെബ്രുവരിയില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു നിര്‍മിതി കേന്ദ്രം നഗരസഭയ്ക്കു കത്തു നല്‍കിയിരുന്നതാണ്. കെട്ടിടം നല്കിയാല് അതിലേക്കാവശ്യമായ റോക്കറ്റിന്റെയും മറ്റും മാതൃകകളും അനുബന്ധ സാധനസാമഗ്രികളും ഐഎസ്ആര്‍ഒ സജ്ജമാക്കുമെന്നായിരുന്നു ധാരണ. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു വന്നപ്പോള്‍ ഐഎസ്ആര്‍ഒയുടെ നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും മാറ്റം സംഭവിച്ചു. ഐഎസ്ആര്‍ഒയുടെ ചെയര്മാന് സ്ഥാനത്തുനിന്നും ഇരിങ്ങാലക്കുടക്കാരനായ ഡോ. കെ. രാധാകൃഷ്ണന് ഒഴിയുകയും ചെയ്തു. ഇതോടെ സെന്റര്‍ യാര്ഥ്യമാകുന്നതു ഇല്ലാതാകുകയായിരുന്നു. ഈ കെട്ടിടമാണു നവീകരിച്ചു ലൈബ്രറിക്കായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും നഗരസഭ വ്യക്തമാക്കി. വൈകീട്ടു നാലു മുതലാണു ലൈബ്രറി തുറക്കുക.