ഠാണാ- ചന്തക്കുന്ന് വികസനം; പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും
നഷ്ടപരിഹാരത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ഡോ. ആര് ബിന്ദു
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് വികസന പദ്ധതിയെ സ്വാഗതം ചെയ്ത് പദ്ധതി ബാധിതര്‍. അതേ സമയം നഷ്ടപരിഹാരവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കു പുനരധിവാസ പാക്കേജുകള്‍ നടപ്പിലാക്കണമെന്നും പദ്ധതി ബാധിതര്‍ ആവശ്യപ്പെട്ടു. പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് നിര്‍വഹണ ഏജന്‍സി ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിച്ചതിനെ തുടര്‍ന്നു ലയണ്‍സ് ക്ലബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദുവിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത പൊതുചര്ച്ചയിലാണു പദ്ധതി ബാധിതര്‍ നിലപാടുകള്‍ വ്യക്തമാക്കിയത്. പട്ടണത്തിന്റെ വികസനത്തിനു പദ്ധതി അനിവാര്യമാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, സെന്റ് തോമസ് കത്തീഡ്രല്‍ ട്രസ്റ്റി അഡ്വ. ഹോബി ജോളി എന്നിവര്‍ പറഞ്ഞു. പദ്ധതിക്കു വേണ്ടി കൂടുതല്‍ ഭൂമി നഷ്ടപ്പെടുന്നതു സെന്റ് തോമസ് കത്തീഡ്രലിന്റേതാണെന്നും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ നഷ്ടപരിഹാരം എത്രയും പെട്ടെന്നു വിതരണം ചെയ്യണമെന്നും അഡ്വ. ഹോബി ജോളി പറഞ്ഞു. നഷ്ടപരിഹാര തുക കൊടുത്തു തീര്‍ത്തതിനു ശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പാടുള്ളൂവെന്നും വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാപാരികള്‍ക്കു പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍ ആവശ്യപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീളാന്‍ ഇടയാക്കരുതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പരിഷ്ക്യത സമൂഹത്തില്‍ വികസന പദ്ധതികള്‍ക്കായി ഭൂമി എറ്റെടുക്കേണ്ടി വരുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് നിയമങ്ങള്‍ ഉള്ളതാണെന്നും നഷ്ടപരിഹാരത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി ചര്‍ച്ചകള്‍ക്കു മറുപടിയായി വ്യക്തമാക്കി. റോഡ് നിര്‍മാണം കെഎസ്ടിപിയുടെ നടന്നു കൊണ്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്കെതിരായി ആരും രംഗത്തു വന്നില്ലെന്നുള്ളതിനെ നാം കാണേണ്ടതുണ്ട്. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ അല്ലെങ്കിലും ന്യായമായ സമയത്തു തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്കി. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, കൗണ്‍സിലര്‍മാരായ അഡ്വ. കെ.ആര്. വിജയ, പി.ടി. ജോര്‍ജ്, ഫെനി എബിന് വെള്ളാനിക്കാരന്‍, റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ പ്രഫ. നാരായണന്റെ നേതൃത്വത്തിലാണു പദ്ധതിയുടെ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കിയത്.