ഇരിങ്ങാലക്കുട ബോയ്സ് സ്കൂള്‍ വരാന്തയില്‍ അപരിചിതനായ മധ്യവയസ്കന്റെ മരണം കൊലപാതകം; പാലക്കാട് സ്വദേശി അറസ്റ്റില്‍
പത്തു ദിവസത്തിനുള്ളില്‍ കേസ് തെളിയിച്ച് ഇരിങ്ങാലക്കുട പോലീസ്
ഇരിങ്ങാലക്കുട: സ്കൂള്‍ വരാന്തയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി അന്‍വര്‍ അലിയെ (25) ആണ് തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേ രൂപീകരിച്ച ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ഇന്‍സ്പെക്ടര്‍ എസ്പി സുധീരന് എന്നിവരുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി തീക്കോമറ്റം വീട്ടില്‍ വാസുദേവന്റെ മകന് അജയകുമാറാണ് (50) കൊല്ലപ്പെട്ടത്. കളവു കേസ് അടക്കം കുറച്ചു കേസുകളിലെ പ്രതിയായ ഇയാള്‍ വഴിയോരത്ത് ചെറിയ കച്ചവടവും നടത്തിയിരുന്നു. സ്കൂളിന് പിറകില്‍ നിന്ന് ഇയാളുടേതെന്ന് കരുതുന്ന വസ്ത്രവും കണ്ണടയും ഹയര്‍ സെക്കന്‍ഡറി വിഭാഗം കെട്ടിടത്തിന്റെ വരാന്തയില്‍ രക്തം പതിഞ്ഞ കാല്പ്പാടും പോലീസ് കണ്ടെത്തിയിരുന്നു. സ്കൂളിന് പിറകില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തനരഹിതമായതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചില്ല. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം. ശൂന്യതയില്‍ നിന്ന് കൊലപാതക കേസ് തെളിയിച്ചത് ഇരിങ്ങാലക്കുട പോലീസിന്റെ മനം മടുക്കാതെയുള്ള അന്വേഷണ മികവാണ്. ഇക്കഴിഞ്ഞ 13 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂള്‍ വരാന്തയില്‍ അബോധാവസ്ഥയില്‍ ഒരാള്‍ കിടക്കുന്നതറിഞ്ഞാണ് പോലീസ് എത്തിയത്. ശരീരത്തിലെ ചെറിയ പരിക്കുകള്‍ കണ്ടത് ആദ്യം മുതലേ പോലീസിന് സംശയം ജനിപ്പിച്ചു. പോസ്റ്റ്മാര്‍ട്ടത്തില്‍ നെഞ്ചിലും തലയ്ക്കും ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു. വീടുമായി വലിയ ബന്ധമില്ലാത്ത അജയകുമാര്‍ കാട്ടൂര്‍ റോഡിലെ ബവ്കോ വില്പനശാല പരിസരത്താണ് കഴിഞ്ഞിരുന്നത്. പൂജാ കടകളില്‍ വില്പനയ്ക്കുള്ള സാധനങ്ങള്‍ നല്‍കിയും കളിപ്പാട്ടങ്ങള്‍ വിറ്റുമാണ് ഉപജീവനം നടത്തിയിരുന്നത്. എന്നാല്‍ മരിച്ചയാളുടെ പേരും നാടും അറിയാത്തത് അന്വേഷണ സംഘത്തെ കുഴക്കി. ഇവിടെ നിന്നാണ് പോലീസ് മരിച്ചയാളുടെ സഞ്ചാരവഴിയിലൂടെ പുറകോട്ട് നടന്നത്. ഇരിങ്ങാലക്കുടയിലെ ഓരോ വ്യാപാരസ്ഥാപനങ്ങളിലും വഴിപോക്കരോടും ടാക്സിക്കാരോടും അന്വേഷിച്ച പോലീസ് സംഘം സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മലപ്പുറം പാലക്കാട് ജില്ലകളില്‍ വരെ എത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്. പ്രധാന പ്രതിയെ പിടികൂടുവാന്‍ ഉള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇരിങ്ങാലക്കുട എസ്ഐ എം.എസ്. ഷാജന്, ക്ളീറ്റസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ പി. ജയകൃഷ്ണന്, മുഹമ്മദ് അഷറഫ്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, സോണി സേവ്യര്‍, സിപിഒ കെ.എസ്. ഉമേഷ്, എം.വി. മാനുവല്‍, ഷറഫുദ്ദീന്, ഇരിങ്ങാലക്കുട സ്റ്റേഷനിലെ എഎസ്ഐ ജസ്റ്റിന്, സീനിയര്‍ സിപിഒ രാഹുല്‍, സിപിഒ അനൂപ്, ഫൈസല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.