ഗോഡൗണില്‍ നിന്നു റേഷന്‍ കടകളിലേക്കു സാധനങ്ങള്‍ വിതരണം ചെയ്യാത്തതിനാല്‍ റേഷന്‍ വിതരണം മുടങ്ങി
ഇരിങ്ങാലക്കുട: എന്‍എഫ്എസ്എ ഗോഡൗണില്‍ നിന്നു റേഷന്‍ കടകളിലേക്കു സാധനങ്ങള്‍ വിതരണം ചെയ്യാത്തതിനാല്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, പൂമംഗലം, പടിയൂര്‍, കാട്ടൂര്‍, കാറളം മേഖലകളിലെ റേഷന്‍ കടകളിലെ വിതരണം നിലച്ചു. മേയ് മാസം പകുതിയായിട്ടും ഭൂരിഭാഗം കടകളും ഒഴിഞ്ഞു കിടക്കുകയാണ്. റേഷന്‍ വിതരണം എന്നു മുതല്‍ പൂര്‍ണ തോതില്‍ നടത്താനാവുമെന്നു റേഷന്‍കട വ്യാപാരികള്‍ക്ക് അറിയില്ല. കൊമ്പിടിയിലെ ഗോഡൗണില്‍ നിന്നു കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്. മാസം പകുതി പിന്നിട്ടതോടെ കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങാന്‍ എത്തിത്തുടങ്ങി. ഏപ്രില്‍ മാസത്തില്‍ മേയ് മാസത്തേക്കു വിതരണത്തിനുവേണ്ട മുന്‍കൂര്‍ റേഷന്‍ ലഭിക്കാത്തതാണു പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നു കട ഉടമകള്‍ പറഞ്ഞു. എത്രയും വേഗത്തില്‍ വിതരണത്തിനാവശ്യമായ ധാന്യങ്ങള്‍ വാതില്‍പ്പടിയായി ലഭിക്കണമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം റേഷന്‍ വിതരണത്തിനു തടസം വരില്ലെന്നു മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസ് വ്യക്തമാക്കി. നാളേയ്ക്കു മുമ്പായി എല്ലാ കടകളിലേക്കും സാധനങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.