ഇരിങ്ങാലക്കുട വാതില്‍മാടം കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചുനീക്കി
ഇരിങ്ങാലക്കുട: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരസഭ 38ാം വാര്‍ഡില്‍ വാതില്‍മാടം കോളനിയിലെ മരങ്ങള്‍ മുറിച്ചുനീക്കി. മഴ വീണ്ടും ശക്തമായ സാഹചര്യത്തിലാണ് വീടുകള്‍ക്ക് ഭീഷണിയായി കുന്നിനുമുകളില്‍ നിന്നിരുന്ന മരങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ലേഖയുടെ നേതൃത്വത്തില്‍ മുറിച്ചുനീക്കിയത്. അപകടഭീഷണിയെത്തുടര്‍ന്ന് കുന്നിനോട് ചേര്‍ന്നുള്ള കുടുംബത്തെ കുറച്ചുദിവസം മുമ്പ് സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റിയിരുന്നു. നാല് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വര്‍ഷങ്ങളായുള്ള കോളനിയിലേക്കുള്ള മണ്ണിടിച്ചില്‍ തടയാന്‍ കരിങ്കല്‍ഭിത്തി കെട്ടുന്നതിനായി എംഎല്‍എ ഫണ്ടില്‍നിന്ന് 63 ലക്ഷം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഭാഗത്തുള്ള നാലില്‍ മൂന്നു കുടുംബങ്ങള്‍ മാറിത്താമസിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഇതുവരെയും ഭിത്തി കെട്ടാനായിട്ടില്ല. ഇവരെ മാറ്റിത്താമസിപ്പിക്കുന്നതിന് റവന്യൂവകുപ്പ് പത്തുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എത്രയും വേഗം മാറിത്താമസിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയും വില്ലേജ് ഓഫീസും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫണ്ട് അപര്യാപ്തമാണെന്ന കാരണത്താലാണ് കുടുംബങ്ങള്‍ മാറാന്‍ തയാറാകാത്തത്. അപകടഭീഷണിയുള്ള കുടുംബത്തെ നഗരസഭയുടെ ജവഹര്‍ കോളനിയിലെ ഫ്ളാറ്റിലേക്ക് താത്കാലികമായി മാറ്റിത്താമസിപ്പിക്കാന്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. നിശ്ചിത സമയത്തിനകം മറ്റൊരിടം കണ്ടെത്തി മാറണമെന്ന വ്യവസ്ഥയോടെയാണിത്.