ചേര്‍പ്പുംകുന്ന് കുടിവെള്ള പദ്ധതിയില്‍നിന്നുള്ള ജലവിതരണം നിലച്ചു, മോട്ടോര്‍ തകരാര്‍; കുടിവെള്ളം മുട്ടി
പുല്ലൂര്‍: മോട്ടോര്‍ തകരാറിലായതോടെ ചേര്‍പ്പുംകുന്ന് കുടിവെള്ള പദ്ധതിയില്‍നിന്നുള്ള ജലവിതരണം നിലച്ചു. മുരിയാട് ഗ്രാമപഞ്ചായത്തിലെ എട്ട്, 15 വാര്‍ഡുകളില്‍ ഇതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമായി. മൂന്നുമാസത്തിലേറെയായി മോട്ടോര്‍ തകരാറിലാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ടാങ്കറില്‍ വെള്ളമെത്തിക്കുന്നത് പഞ്ചായത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്. പഞ്ചായത്ത് കിണറുകളാണെങ്കില് മണ്ണിടിഞ്ഞ് ഉപയോഗിക്കാനാകാത്ത അവസ്ഥയിലുമാണ്. 2015 ല്‍ അന്നത്തെ എംഎല്‍എ പദ്ധതിക്ക് രണ്ടാമത്തെ മോട്ടോര്‍ അനുവദിച്ചിരുന്നെങ്കിലും അധികൃതര്‍ കൈപ്പറ്റിയില്ലെന്നും ആരോപണമുണ്ട്. പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേടായ മോട്ടോര്‍ നന്നാക്കി അടുത്തദിവസം തന്നെ സ്ഥാപിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ നികിത പറഞ്ഞു. മോട്ടോര്‍ നന്നാക്കികിട്ടാന് വൈകുന്നതാണ് പ്രശ്നം. ഉപയോഗിച്ചുവന്നിരുന്ന രണ്ടാമത്തെ മോട്ടോറാണ് ഇപ്പോള്‍ കേടായിരിക്കുന്നത്. ഗുണഭോക്തൃ സമിതിയുണ്ടെങ്കിലും ഉപഭോക്താക്കളില്‍ ഭൂരിഭാഗംപേരും വെള്ളത്തിന് പണമടയ്ക്കാറില്ല. ഇപ്പോള്‍ വായ്പയെടുത്താണ് മോട്ടോര്‍ നന്നാക്കാന്‍ പണം നല്‍കിയിരിക്കുന്നത്. കുടിവെള്ളം വേണമെന്നാവശ്യപ്പെടുന്നവര്‍ ഉപഭോക്തൃവിഹിതം അടയ്ക്കാനും തയാറാകണമെന്ന് പഞ്ചായത്തംഗം ആവശ്യപ്പെട്ടു. പുല്ലൂര്‍ ചേര്‍പ്പുംകുന്ന് പ്രദേശവാസികള്‍ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുവാനാണ് നാട്ടുക്കാരുടെ നീക്കം.