കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ മൃതദേഹവുമായി കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധം
മന്ത്രി ബിന്ദു രാജിവക്കണം-ജോസ് വളളൂര്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 28 ലക്ഷം രൂപ നിക്ഷേപമുള്ള ഏറാട്ടുപറമ്പില്‍ ദേവസിയും ഭാര്യ ഫിലോമിനയും ഫിലോമിനയുടെ ചികത്സക്ക് ആവശ്യമായ 50,000 രൂപ ആവശ്യപ്പെട്ടിട്ടുപോലും നല്‍കാതെ ആട്ടിയിറക്കുകയാണ് ബാങ്ക് അധികാരികള്‍ ചെയ്തത്. ആവശ്യമായ വിദഗ്ധ ചികത്സ ലഭിക്കാതെ ഫിലോമിന മരണപ്പെടുകയാണുണ്ടായത്. ഈ നരഹത്യക്ക് ഉത്തരവാദികള്‍ സിപിഎം നേതൃത്വവും ബാങ്ക് അധികാരികളുമാണ്. ഇവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ഇതിന് കുടപിടിക്കുന്ന ഇരിങ്ങാലക്കുട എംഎല്‍എ കൂടിയായ മന്ത്രി ബിന്ദു രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ആവശ്യപ്പെട്ടു.
ഫിലോമിനയുടെ മരണത്തിനുത്തരവാദി സിപിഎം നേതൃത്വം-ബിജെപി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്കായി പണം ലഭിക്കാത്തതു മൂലം വിദഗ്ധ ചികിത്സ നല്കാന് കഴിയാതെ വീട്ടമ്മയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം സിപിഎം നേതൃത്വത്തിനാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാര്‍ ആരോപിച്ചു. ചികിത്സയ്ക്ക് പണത്തിനായി സിപിഎം നേതാക്കളുടെ വീടും ഓഫീസും ബാങ്കും ഫിലോമിനയുടെ ഭര്‍ത്താവ് പല തവണ കയറിയിറങ്ങിയെങ്കിലും നേതാക്കള്‍ ഒട്ടും മനസാക്ഷിയില്ലാതെ അവഹേളിച്ച് ഇറക്കിവിടുകയായിരുന്നു. ഫിലോമിനയുടെ ഭര്‍ത്താവ് ഓട്ടോ ഓടിച്ച് ഭാര്യയെ ചികിത്സിക്കാന്‍ പണം കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാരും നേതാക്കളും വെറും വാക്ക് പറയുന്നതല്ലാതെ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെത്തുടര്‍ന്ന് ഇത് മൂന്നാമത്തെ മരണമാണ് ഉണ്ടാകുന്നത്. എന്നിട്ടും തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം തുടരുന്നത്. കേരള ബാങ്ക് നിക്ഷേപം തിരിച്ചു നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത് ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണ്. കരുവന്നൂര്‍ തട്ടിപ്പിന്റെ കോടികളുടെ വിഹിതം സിപിഎം നേതാക്കള്‍ കൈപ്പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് ഹൈക്കോടതിയില്‍ ബിജെപി നല്കിയ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. ചികിത്സയ്ക്ക് പണം കിട്ടാതെയും, കല്യാണ ആവശ്യങ്ങള്‍ക്കും, വീടുപണിക്കും, വിദ്യാഭ്യാസത്തിനും ഒക്കെയായി ദുരിതമനുഭവിക്കുന്ന നിരവധി നിക്ഷേപകരുണ്ട്. അവരുടെയൊന്നും പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ‘ ഇനിയും മരണങ്ങള് ആവര്‍ത്തിക്കുമെന്നും അതിന് സിപിഎം മാത്രമായിരിക്കും ഉത്തരവാദിയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. മരണപ്പെട്ട ഫിലോമിനയുടെ വീട് സന്ദര്‍ശിച്ച് വീട്ടുകാരെയും അദ്ദേഹം ആശ്വസിപ്പിച്ചു.
പണം ചികിത്സക്കു ലഭിച്ചില്ല, മരണാനന്തര ആവശ്യങ്ങള്‍ക്കായി ലഭിച്ചു
ഇരിങ്ങാലക്കുട: ഫിലോമിനയുടെ ചികിത്സക്കു പണം നല്കിയില്ലെങ്കിലും മരണാനന്തര ആവശ്യങ്ങള്‍ക്കു ബാങ്ക് പണം നല്കി. ഇന്നലെ വൈകീട്ടാണ് ബാങ്കിലെ ഉദ്യോഗസ്ഥര്‍ രണ്ടു ലക്ഷം രൂപയുടെ ചെക്ക് ഫിലോമിനയുടെ വീട്ടിലെത്തി ഭര്‍ത്താവ് ദേവസിക്കു കൈമാറിയത്. ഈ പണം മുമ്പേ ലഭിക്കുമായിരുന്നുവെങ്കില്‍ തന്റെ ഭാര്യയുടെ ചികിത്സക്കു ചെലവഴിക്കാമായിരുന്നുവെന്ന് ദേവസി പറഞ്ഞു. ഇന്നലെ ബാങ്കിനു മുന്നില്‍ നടന്ന പ്രതിഷേധ സമരങ്ങളെ തുടര്‍ന്ന് ആര്‍ഡിഒ എം.എച്ച്. ഹരീഷ് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഈ തുക അനുവദിക്കുവാനുള്ള സാഹചര്യമുണ്ടായത്.