കരുവന്നൂര്‍ വായ്പാ തട്ടിപ്പ്; കവര്‍ന്നത് മൂന്നു ജീവനുകള്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് മൂന്നു പേരുടെ ജീവനുകളാണ് നഷ്ടമായത്. കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി തളിയക്കാട്ടില്‍ വീട്ടില്‍ ടി.എം. മുകുന്ദന് (63), മാപ്രാണം തളിയക്കോണം സ്വദേശി ആലപ്പാടന്‍ ജോസ് (62) എന്നിവരാണ് മുമ്പ് മരിച്ചത്. ഇന്നലെ മരണമടഞ്ഞ ഫിലോമിനയും കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പിന്റെ ഇരയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ 22 നാണ് പൊറത്തിശേരി മുന്‍ പഞ്ചായത്തംഗവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുകുന്ദന് മരണപ്പെട്ടത്. രണ്ടു തവണകളിലായി 20 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയെന്നാരോപിച്ച് ബാങ്ക് അധികൃതര്‍ നിരന്തരം പണമടയ്ക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പലിശയടക്കം 80 ലക്ഷം രൂപ മുകുന്ദന് തിരിച്ചടക്കാനുണ്ടെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. പണം തിരിച്ചടക്കണമെന്നും അല്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് അറിയിച്ചതോടെയാണ് മുകുന്ദന് ജീവനൊടുക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് മാപ്രാണം തളിയക്കോണം സ്വദേശി ആലപ്പാടന്‍ ജോസ് (62) മരണപ്പെട്ടത്. ഏഴു ലക്ഷം രൂപയുടെ കടബാധ്യതയാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. കല്പണി ചെയ്തു ഉപജീവനം നടത്തുന്ന ജോസിന് സ്വന്തമായി എട്ടു സെന്റ് സ്ഥലവും വീടുമാണ് ഉള്ളത്. ഈ വസ്തുവാണ് ബാങ്കില്‍ വായ്പക്ക് ഈട് നല്‍കിയിരിക്കുന്നത്. കൊറോണ സമയത്ത് ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് ബാങ്കില്‍ നിന്നും വായ്പ തിരിച്ചടക്കുവാന്‍ സമ്മര്‍ദമുണ്ടായതും ജപ്തി നോട്ടീസ് വന്നതും. വായ്പ തിരിച്ചടക്കാന്‍ സാധിക്കാത്തതിലുള്ള മനോവിഷമമാണ് മരണകാരണമായി പറയപ്പെടുന്നത്. ഇനിയും മരണം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.