ബാങ്കില്‍ നിക്ഷപം 18 ലക്ഷം രൂപ, പണമില്ലാതെ ചികിത്സ മുടങ്ങിയിരിക്കുകയാണ് ഹൃദ്രോഗിയായ തോമസിന്
ഇരിങ്ങാലക്കുട: മാപ്രാണം സ്വദേശി തെങ്ങോലപറമ്പില്‍ തോമസ് പ്രിന്‍സി ദമ്പതികള്‍ക്ക് ബാങ്കില്‍ നിന്നും ലഭിക്കാനുള്ളത് 18 ലക്ഷം രൂപയാണ്. ഗ്രാമപഞ്ചായത്ത് ജീവനക്കാരിയായിരുന്ന പ്രിന്‍സിക്ക് വിരമിച്ചപ്പോള്‍ ലഭിച്ച മുഴുവന്‍ തുകയും ബാങ്കില്‍ നിക്ഷേപിച്ചു. പറപ്പൂക്കര പഞ്ചായത്ത് ഓഫീസ് അറ്റന്‍ഡന്റായിരുന്നു പോളിയോ മൂലം കാലിന് വൈകല്യമുള്ള പ്രിന്‍സി. 23 കൊല്ലം സര്‍വീസ് ചെയ്ത കിട്ടിയ പൈസയാണ്. ഹൃദ്രോഗിയായ ഭര്‍ത്താവിന് ശസ്ത്രക്രിയ ആവശ്യം വന്നപ്പോള്‍ ബാങ്കിനെ സമീപിച്ചെങ്കിലും നാമമാത്ര തുക മാത്രമാണ് ലഭിച്ചതെന്ന് പ്രിന്‍സി പറഞ്ഞു. 5000 രൂപയ്ക്കു പോലും ആവശ്യമായി ചെല്ലുമ്പോള്‍ കിട്ടാതെ കരഞ്ഞുപോരേണ്ട സ്ഥിതി വന്നിട്ടുണ്ടെന്നും പ്രിന്‍സി പറഞ്ഞു. ഭര്‍ത്താവ് തോമസിന് ബൈപാസ് സര്‍ജറി കഴിഞ്ഞിരിക്കുകയാണ്. പക്ഷേ തുടര്‍ന്ന് ടെസ്റ്റുകള്‍ ആവശ്യമുണ്ട്. എന്നാലാണ് ഡോക്ടര്‍ക്ക് മരുന്നുകള്‍ നിശ്ചയിക്കാന്‍ പറ്റുകയുള്ളൂ. അതിന് നല്ലൊരു പൈസ ചെലവുവരുന്നുണ്ട്. പക്ഷേ, അവിടന്ന് നാലു മാസത്തിലൊരിക്കല്‍ പതിനായിരം രൂപയല്ലാതെ എന്തു തന്നെ പറഞ്ഞാലും പൈസ കൂടുതല്‍ കിട്ടില്ല. പൈസ ഇല്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. ടെസ്റ്റിന് പോയിട്ടില്ല. ദയ ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ടെസ്റ്റ് നടത്താതെ കാര്യമില്ല. പണം ലഭിക്കാതെ വന്നപ്പോള്‍ ഭര്‍ത്താവിന്റെ തുടര്‍ചികിത്സയും മാസങ്ങളായി മുടങ്ങികിടക്കുകയാണ്. മകളുടെ വിവാഹാവശ്യവും മുന്നില്‍ കണ്ടാണ് പണം നിക്ഷേപിച്ചത്. പണം ലഭിക്കാതായപ്പോള്‍ മകളുടെ വിവാഹവും പ്രതിസന്ധിയിലാണ്. കല്യാണമായി എന്നതിന്റെ എല്ലാ രേഖകളും, വിവാഹകുറിയും അടക്കം ഹാജരാക്കുമ്പോള്‍ മാനേജര്‍ നാലു ലക്ഷം രൂപ തരും എന്ന് പറഞ്ഞിരുന്നു. പഠിക്കുന്ന മകളുടെ ഫീസ് കൊടുക്കാനുണ്ട്. തൃശൂരില്‍ സിഎംഎ യ്ക്ക് പഠിക്കുകയാണ്. ഫീസ് നല്കാന് പോലും കഴിയാത്ത അവസ്ഥയിലാണ്. വേറെ വരുമാനമാര്‍ഗങ്ങളൊന്നുമില്ല. ചോര നീരാക്കി കൊണ്ടുവന്ന് ഇത്രയും കാലത്തെ സര്‍വീസിന്റെ ഒടുവില്‍ കിട്ടിയ പണമാണ് അവര്‍ തട്ടിയെടുത്തത്. പട്ടിണിക്ക് തുല്യമായിട്ടുള്ള ജീവിതമാണ് ഞങ്ങളുടെതെന്ന് പ്രിന്‍സി പറഞ്ഞു.
നിക്ഷേപം തിരികെ ലഭിക്കുന്നില്ല, മരുന്നു വാങ്ങി തീര്‍ക്കുവാനാണ് മുന്‍ സൈനികനു നിര്‍ദേശം.
ഇരിങ്ങാലക്കുട: കരസേനയില്‍ ജോലി ചെയ്യുന്ന കാലത്ത് ഗറില സൈനികനും, പോലീസില്‍നിന്നു വിരമിക്കുന്ന കാലത്ത് എസ്ഐയുമായിരുന്നു മാപ്രാണം സ്വദേശി എടത്തിരുത്തിക്കാരന്‍ വീട്ടില്‍ ജോണ്സന്. രാജ്യത്തെയും ജനങ്ങളെയും കാക്കാന്‍ 38 കൊല്ലം ചെലവഴിച്ച ജോണ്സന് തന്റെ സമ്പാദ്യം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. രണ്ടു പെണ്മക്കളുടെ വിവാഹശേഷം ബാക്കിയായതും കുറിയിലൂടെ സ്വരൂപിച്ചതുമായ തുകയാണ് ബാങ്കിലുള്ളത്. 20 വര്‍ഷത്തെ സൈനിക സേവനത്തില്‍ 18 വര്‍ഷവും കരസേനാധിപന്റെ സുരക്ഷാചുമതലയുളള ഗറില വിഭാഗത്തിലായിരുന്നു ജോണ്സന്. വിരമിക്കലിനു ശേഷം പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയി ചേര്‍ന്നു. 18 വര്‍ഷത്തിനുശേഷം വിരമിച്ചത് എസ്ഐയായി. ഇതിനിടെ കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെടുന്ന രോഗം ബാധിച്ച് രണ്ടു വര്‍ഷം മുന്‍പു കിടപ്പിലായി. കേരളത്തില്‍ ഇതിനുള്ള വിദഗ്ധ ചികിത്സയില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രി വിദേശത്തുനിന്നും മരുന്നുകള്‍ വരുത്തിയായിരുന്നു ചികിത്സ. ഏറെ സാമ്പത്തിക ചെലവാണ് ഇതിനു വേണ്ടി വന്നത്. നടന്നു തുടങ്ങിയെങ്കിലും ചികിത്സ തുടരുകയാണ്. ബാങ്കിലെ പണം ആവശ്യപ്പെട്ട് കളക്ടര്‍ക്കും കരസേനാ മേധാവിക്കും കത്തു നല്കി. ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്നു വാങ്ങുന്നതിനും ഈ തുക ബാങ്കിലെ നിക്ഷേപത്തില്‍ നിന്നും എടുക്കുവാനും കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതുപ്രകാരം നിക്ഷേപതുകയില്‍ നിന്നും എല്ലാമാസം മരുന്നു വാങ്ങുകയാണ് ജോണ്സന്. എഴുത്തുകാരന് കൂടിയായ ജോണ്‍സന്റെ പല കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.