കരുവന്നൂര്‍ ബാങ്കിന്റെ കനിവു തേടി അര്‍ബുദ രോഗിയും കുടുംബവും
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിന്റെ കനിവു തേടി അര്‍ബുദ രോഗിയും കുടുംബവും. അധ്യാപകനായിരുന്ന രാജന് എന്ന വ്യക്തി 20 ലക്ഷം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. ശ്രീരാമ പോളിടെക്നിക് തൃപ്രയാര്‍, വനിതാ പോളി നെടുപുഴ എന്നീ സ്ഥാപനങ്ങളിലായി 33 വര്‍ഷം ജോലി ചെയ്തു. റിട്ടയര്‍മെന്റിനുശേഷം കിട്ടിയ പണമെല്ലാം കൂടി എട്ടു നിക്ഷപങ്ങളിലായി 20 ലക്ഷം രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി പോലും മതിയായ പണം ലഭിക്കുന്നില്ലെന്ന ഒരു വലിയ സങ്കടമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഇതുവരെ കിട്ടിയത് രണ്ടേകാല്‍ ലക്ഷം രൂപയാണ്. സെപ്റ്റംബറില്‍ വീണ്ടും ചികിത്സയ്ക്ക് പോകണം അപ്പോള്‍ വീണ്ടും പണം കിട്ടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതിനുവേണ്ടി അദ്ദേഹം ബാങ്ക് അധികൃതരുടെ കനിവു തേടുകയാണ്. പോളി ടെക്നിക്കല്‍ അധ്യാപകനായി വിരമിച്ചു. അടുത്തു നടത്തിയ പരിശോധനയില്‍ നട്ടെല്ലിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തി. അതിന്റെ ചികിത്സാര്‍ഥം ബാങ്കിനോട് പണം ആവശ്യപ്പെട്ടു. വളരെ കുറഞ്ഞ അളവിലാണ് പണം ലഭിച്ചുകൊണ്ടിരിക്കുന്നത്. നട്ടെല്ലിന് വേദന ആയിട്ടാണ് തുടങ്ങിയത്. അതിന്റെ പരിശോധനയ്ക്കായിട്ട് എംആര്‍ഐ സ്കാന്‍ ചെയ്തപ്പോഴാണ് ബലക്ഷയം വന്നതായി മനസിലാക്കുന്നത്. അതിന്റെ കൂടെ ശ്വാസകോശത്തിനും പ്രശ്നമുള്ളതായി എംആര്‍ഐ സ്കാനില്‍ തെളിഞ്ഞു ചികിത്സാര്‍ഥം ബാങ്കിനെ സമീപിച്ചപ്പോള്‍ പണമില്ല എന്നായിരുന്നു മറുപടി. ഡോക്ടറെ കാണാന്‍ പോകുമ്പോഴും ഇനിയുള്ള ചികിത്സാ ചെലവിനും പണം ആവശ്യമുണ്ട്. നല്കിയ പണം ലഭിക്കാന്‍ വേണ്ടി നിക്ഷേപം തിരിച്ചുചോദിക്കാന്‍ ചെല്ലുമ്പോള്‍ ഇപ്പോള്‍ റേഷന്‍ നല്കുന്നതുപോലെയുള്ള സമീപനമാണുള്ളത്. ഇപ്പോള്‍ മരുന്നിന് മൂന്നുമാസത്തേക്ക് 37500 രൂപ വരുന്നുണ്ട്. വേദനയ്ക്ക് റേഡിയേഷന് ചെയ്യേണ്ടിവന്നപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് അപേക്ഷ നല്കാന് പറഞ്ഞു. അന്ന് ഒരു ലക്ഷം രൂപ പാസാക്കിതന്നു. പിന്നെ റേഡിയേഷനുവേണ്ടി പൈസ ചോദിച്ചപ്പോള്‍ രണ്ടു പ്രാവശ്യമായിട്ട് അമ്പതിനായിരം രൂപ തന്നു. ഇതുകൊണ്ട് ഒന്നുമാവുന്നില്ല. പെന്ഷന് പൈസ കിട്ടുന്നുണ്ട്. വീട്ടുചെലവ് നടക്കണം. മറ്റു വരുമാനങ്ങളൊന്നുമില്ല. രണ്ടുപേര്‍ മാത്രമേ വീട്ടിലുള്ളൂ. നാലഞ്ചു തവണ റേഡിയേഷന് നടന്നിട്ടുണ്ട്. ബാങ്കിലെ പൈസ കിട്ടിയാല്‍ വളരെ ആശ്വാസമാകും. മതിയായ പണം ലഭിക്കുന്നില്ല. ജീവിതത്തിന്റെ നല്ല കാലഘട്ടത്തില്‍ സമ്പാദിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചത് തിരികെ ലഭിച്ചാല്‍ തുടര്‍ ചികിത്സക്കും കുടുംബചെലവിനും ഒരു ആശ്വാസമായേനെ എന്നാണ് രാജന് പറയുന്നത്.