തിരഞ്ഞെടുപ്പല്ലേ, ഒരുങ്ങാതെങ്ങനെ?
കോവിഡ് നിയന്ത്രണങ്ങള്ക്കിടയ്ക്കും രണ്ട് മാസത്തിനപ്പുറം തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ച് പാര്‍ട്ടികളുടെ ഒരുക്കം
ഇരിങ്ങാലക്കുട: കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് പ്രതിഷേധത്തിനും സമരത്തിനും ആളു കുറച്ചു മതി. പക്ഷേ, പോളിംഗ് ബൂത്തില്‍ ആളു കുറഞ്ഞാല്‍ പണി പാളുംകോവിഡ് കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കത്തെക്കുറിച്ചു രാഷ്ട്രീയ നേതാവിന്റെ പ്രതികരണമാണ്. തിരഞ്ഞെടുപ്പ് തിയതിയില്‍ ആശയക്കുഴപ്പമുണ്ടെങ്കിലും രണ്ടുമാസത്തിനപ്പുറം തിരഞ്ഞെടുപ്പ് എന്ന കണക്കുകൂട്ടലില്‍ നേരത്തെ പ്രവര്‍ത്തനം തുടങ്ങി മൂന്നു മുന്നണികളും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കലാണു മുഖ്യം. പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ ആരംഭിച്ചതോടെ ഈ പ്രവര്‍ത്തനത്തിനു വേഗം കൂടി. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളും സജീവം.
സമരങ്ങളില്‍ ഉണര്‍ന്ന് കോണ്‍ഗ്രസ്
വാര്‍ഡ് തലത്തില്‍ രൂപീകരിച്ച പ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ പ്രചാരണം നടക്കുക. എല്ലാ ഗ്രൂപ്പിലും ഐടി സെല്‍ പ്രതിനിധിയുണ്ടാകും. സംസ്ഥാന തലത്തില്‍ തയാറാക്കുന്ന പ്രചാരണ വീഡിയോകള്‍ നേരിട്ട് വാര്‍ഡ് തലത്തിലെ പ്രവര്ത്തകരിലേക്കെത്തും. വോട്ടര്‍ പട്ടിക പരിശോധന ക്യാമ്പുകള്‍ വാര്‍ഡ് തലത്തില്‍ പൂര്‍ത്തിയാക്കി. പുതുതായി ചേര്ക്കേണ്ടവരുടെയും ഒഴിവാക്കേണ്ടവരുടെയും പട്ടിക തയാറാക്കി. കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി മന്ദിരത്തില്‍ യോഗത്തില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ രൂപീകരണം ആരംഭിച്ചു. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ കോവിഡ് കാലത്തെ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള സമരങ്ങള്‍ താഴെത്തട്ടില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട് എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് നേതൃത്വം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതൃത്വം ഇരിങ്ങാലക്കുട ബ്ലോക്കിന്റെയും കാട്ടൂര്‍ ബ്ലോക്കിന്റെയും ചുമതലകള്‍ നല്‍കിയിട്ടുണ്ട്. കാട്ടൂര്‍ ബ്ലോക്കിന്റെ ചുമതല അഡ്വ. എം.എസ്. അനില്‍കുമാറിനാണ്. ഇരിങ്ങാലക്കുട ബ്ലോക്കിന്റെ ചുമതല ആന്റോ പെരുമ്പിള്ളിക്കാണ്. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സനാണ് നിയോജകമണ്ഡലത്തിന്റെ ചുമതല.
സിപിഎമ്മിന് ഓണ്‍ലൈന്‍ കുടുംബയോഗം
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സിപിഎം തുടങ്ങുക കുടുംബയോഗങ്ങള്‍ വഴിയാണ്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇക്കുറി വാട്സ് ആപ്പിലാണു കുടുംബയോഗം. ഓരോ പ്രദേശത്തെയും പാര്‍ട്ടി അനുഭാവികളുടെയും അംഗങ്ങളുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നേതാക്കളുടെ പ്രസംഗങ്ങളുടെ വിഡിയോ, ഓഡിയോ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്തായിരിക്കും കുടുംബയോഗം നടക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനിക്കുക പ്രാദേശിക വിഷയങ്ങളായിരിക്കും. അതിനാല്‍ ഓരോ തദ്ദേശ സ്ഥാപനത്തിനും പ്രത്യേകം പ്രകടനപത്രിക തയാറാക്കുന്ന പ്രവര്‍ത്തനവും തുടങ്ങി. ഇടതു മുന്നണി ഭരിക്കുന്ന നിയോജകമണ്ഡലത്തിലെ ഭരണനേട്ടങ്ങള്‍ ലഘുലേഖയായി വീടുകളിലെത്തിക്കും. ആളൂര്‍, മുരിയാട്. വേളൂക്കര, പൂമംഗലം, പടിയൂര്‍, കാറളം, കാട്ടൂര്‍ എന്നീ പഞ്ചായത്തുകളിലെ ഭരണം ഇടതു മുന്നണിക്കാണ്. ഇരിങ്ങാലക്കുട നഗരസഭയിലെ കോണ്‍ഗ്രസിന്റെ ഭരണവീഴ്ച ചൂണ്ടിക്കാട്ടിയുള്ള സമരങ്ങള്‍ ആരംഭിക്കും. വാര്‍ഡുതലത്തില്‍ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിനായി പരമാവധി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തുകയും മരിച്ചപോയവരെയും സ്ഥലത്തില്ലാത്തവരെയും വോട്ടര്‍പട്ടികയില്‍നിന്നും നീക്കം ചെയ്യുകയുമാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഓരോ ബൂത്തിലും സ്ക്വാഡുകളുടെ രൂപീകരണം അവസാനഘട്ടത്തിലാണ്.
സാധ്യതാ പട്ടികയുമായി ബിജെപി
2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ വാര്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണു ബിജെപി പ്രവര്‍ത്തനം. വിജയിച്ച വാര്‍ഡുകള്‍, രണ്ടാം സ്ഥാനത്ത് എത്തിയവ, നേരിയ വോട്ടിന് മൂന്നാം സ്ഥാനത്തായവ, നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവര്ധിച്ചവ എന്നിങ്ങനെ നാലു വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വാര്‍ഡുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയാണു പ്രവര്‍ത്തനം. ഇതിനായി വാര്‍ഡ് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഭരണസമിതികളുടെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി കുറ്റപത്രം തയാറാക്കും. ബൂത്ത് തലത്തില്‍ രൂപീകരിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഓണ്‍ലൈന്‍ പ്രചാരണവും സജീവം. 2015 ല്‍ നിയോജകമണ്ഡലത്തില്‍ ഒമ്പതു വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. തുടര്‍ന്ന് നിയമസഭയിലും ലോകസഭയിലും ഉണ്ടായ വോട്ട് വര്‍ധന ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകും എന്നാണ് കണക്കുകൂട്ടല്‍. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാറളം പഞ്ചായത്തില്‍ ഒന്നാം സ്ഥാനത്തും ഇരിങ്ങാലക്കുട ടൗണ്‍, വേളൂക്കര, പൂമംഗലം, പടിയൂര്‍ എന്നിവടങ്ങളില്‍ രണ്ടാം സ്ഥാനത്തുമായിരുന്നു ബിജെപിയുടെ സ്ഥാനം.