വില്ലേജ് ഓഫീസർമാരുടെ ശമ്പളം കുറച്ചതിൽ പ്രതിഷേധം
വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്കെയിൽ കുറവുവരുത്തി ധനവകുപ്പ് ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ചു റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) താലൂക്ക് കമ്മിറ്റി ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ജോലിഭാരം കണക്കിലെടുത്ത് വില്ലേജ് ഓഫീസറെ പ്രത്യേക തസ്തികയാക്കി പുനർനിർണയിച്ചശേഷം 2006 ലെ ശമ്പള കമ്മീഷൻ വർധിപ്പിച്ചു നല്കിയ ശമ്പളം കോവിഡിന്റെ മറവിൽ സർക്കാർ തട്ടിയെടുത്തതായി കെആർഡിഎസ്എ ആരോപിച്ചു. സംസ്ഥാന വനിതാ കമ്മിറ്റിയംഗം ജി. പ്രസീത ധർണ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി കെ.എക്സ്. വർഗീസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ഭാരവാഹികളായ എ.എം. നൗഷാദ്, എം.കെ. ജിനീഷ്, വി. അജിത്കുമാർ, എം.എസ്. അൽത്താഫ് എന്നിവർ പ്രസംഗിച്ചു.