അശോകവനം പദ്ധതിയുമായി കൂടല്‍മാണിക്യ ദേവസ്വം
ഇരിങ്ങാലക്കുട: അശോകവനം പദ്ധതിയുമായി ശ്രീകൂടല്‍മാണിക്യ ദേവസ്വം. മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ പച്ചക്കുടയുടെയും കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെയും മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെയും സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി ആരംഭിക്കുന്നത്. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയില്‍ ഘട്ടംഘട്ടമായി പതിനായിരം അശോക വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം പടിഞ്ഞാറെ ഊട്ടുപ്പുരയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. യോഗത്തില്‍ വച്ച് കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയ ഡോ. സദനം കൃഷ്ണന്‍കുട്ടി, അനുപമ മേനോന് എന്നിവരെ ആദരിച്ചു. ഒരു കോടി ഇരുപത്തിയേഴ് ലക്ഷം രൂപ വരവ് പ്രതീക്ഷിക്കുന്ന ഉത്സവ ബഡ്ജറ്റ് യോഗത്തില്‍ അഡ്മിനിസ്ട്രറ്റര്‍ അവതരിപ്പിച്ചു. ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, കെ.ജി. അജയകുമാര്‍, കെ.ജി. സുരേഷ്, എ.വി. ഷൈന്‍, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മിനി, മറ്റത്തൂര്‍ ലേബര്‍ കോണ്ട്രാക്ടര് സൊസൈറ്റി സെക്രട്ടറി പ്രശാന്ത്, സംഗമേശ്വര ആയുര്‍വേദ ഡയറക്ടര്‍ ഡോ. കേസരി, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.