മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ 200 ലിറ്റര്‍ വാഷ് കണ്ടെത്തി
ഇരിങ്ങാലക്കുട: എക്സൈസ് റേഞ്ചിലെ സീനിയര്‍ പ്രിവന്റീവ് ഓഫീസര്‍ വിന്നി സിമേതിയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിന് ഇന്‍സ്പെക്ടര്‍ എം.ആര്. മനോജിന്റെ നിര്‍ദേശപ്രകാരം റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റത്തൂര്‍ വില്ലേജില്‍ നൂലുവള്ളി ദേശത്ത് തെക്ക് വടക്കായി കിടക്കുന്ന നൂലുവള്ളി ഉപ്പുഴി റോഡിന്റെ പടിഞ്ഞാറു വശം പറമ്പില്‍ നിന്നും മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ 100 ലിറ്ററിന്റെ രണ്ടു പ്ലാസ്റ്റിക് ബാരലില്‍ സൂക്ഷിച്ചിരുന്ന 200 ലിറ്റര്‍ വാഷ് കണ്ടെത്തി. ഒരു അബ്കാരി കേസായി റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി റേഞ്ച് പാര്‍ട്ടി കോവിഡ്19 സാഹചര്യത്തിലും ശക്തമായ റെയിഡുകള്‍ നടത്തിവരികയാണ്. ഇരിങ്ങാലക്കുട റേയ്ഞ്ച് പരിധിയിലെ പുകയില ഉല്‍പ്പന്നങ്ങള്‍, കഞ്ചാവ് വില്‍പ്പന, സ്പിരിറ്റ്, ചാരായം, വാഷ്, പൊതുസ്ഥലത്ത് പരസ്യ മദ്യപാനം തുടങ്ങിയ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9400069596 എന്ന എക്സൈസ് ഇന്‍സ്പെക്ടറുടെ നമ്പറില്‍ ഏതു സമയത്തും വിളിച്ചറിയിക്കാവുന്നതാണ്. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സി.ബി. ജോഷി, സിവില്‍ എക്സൈസ് ഓഫീസര്‍ ഫാബിന്, വനിതാ ഓഫീസര്‍ രജിത എന്നിവരും ഉണ്ടായിരുന്നു.