ഡേറ്റാ ബാങ്കിലെ വ്യക്തതക്കുറവ്; ഭൂമി തരംമാറ്റ അപേക്ഷകളില്‍ തീര്‍പ്പ് വൈകുന്നു
ഇരിങ്ങാലക്കുട: ഡേറ്റാ ബാങ്കിലുള്പ്പെട്ടിട്ടുണ്ടോ എന്നതിലെ അവ്യക്തത കാരണം ഭൂമി തരംമാറ്റ അപേക്ഷകളില്‍ തീര്‍പ്പ് വൈകുന്നു. വീടുനിര്‍മാണത്തിന് തരംമാറ്റ ഉത്തരവ് നിര്‍ബന്ധമാക്കിയതിനാല്‍ ലൈഫ് പദ്ധതി ഗുണഭോക്താക്കളടക്കം ഒട്ടേറെ പേരാണ് ഭൂമി തരം മാറ്റത്തിനായി കാത്തിരിക്കുന്നത്. ഫോറം ആറിലുള്ള അപേക്ഷകളിലാണ് നിലവില്‍ കാലതാമസമെടുക്കുന്നത്. തൃശൂര്‍ ആര്‍ഡിഒയ്ക്ക് മുന്നില്‍ 13,212ഉം ഇരിങ്ങാലക്കുടയില്‍ 8978 അപേക്ഷകളുമാണ് തീര്‍പ്പാകാനുള്ളത്. 2008 ഓഗസ്റ്റ് 12ലെ കൃഷിയോഗ്യമായ നിലങ്ങളുടെ പട്ടികയാണ് ഡേറ്റാബാങ്ക്. ഇതില്‍ പേരുവിവരങ്ങളില്ലാത്ത ഭൂവുടമകളാണ് ഭൂമി തരംമാറ്റത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നത്. അപേക്ഷിക്കുന്നതിന് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് സമര്പ്പിക്കാനാവശ്യപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗം കൃഷി ഓഫീസര്‍മാരും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ല. ഇതിനാല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം ഡേറ്റാബാങ്കില്‍നിന്ന് ബന്ധപ്പെട്ട പേജുകളാണ് സമര്‍പ്പിച്ചുവരുന്നത്. ഡേറ്റാബാങ്കില്‍ പേരു വിവരങ്ങളില്ലാത്തവര്ക്കെല്ലാം ആറാംനമ്പര്‍ ഫോറത്തില്‍ തരംമാറ്റത്തിനപേക്ഷിക്കാന് അര്‍ഹതയുണ്ടെന്നാണ് കൃഷി ഓഫീസര്‍മാര്‍ പറയുന്നത്. ഡേറ്റാബാങ്കിലെ വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും പ്രത്യേകം സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നുമാണ് കൃഷി ഓഫീസര്‍മാരുടെ നിലപാട്. എന്നാല്‍ നിയമത്തില്‍ ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെന്ന് ഇരിങ്ങാലക്കുട ആര്‍ഡിഒ പറഞ്ഞു. ഇന്നത്തെ ഭൂവുടമകളില്‍ പലരും 2008ല്‍ ഭൂവുടമകളായിരിക്കണമെന്നില്ല. അതിനാല്‍ സ്വാഭാവികമായും അവരുടെ പേരുവിവരങ്ങള്‍ ഡേറ്റാബാങ്കിലുള്പ്പെടില്ല. അപേക്ഷകളില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരുമെന്ന് ഉറപ്പായി. റവന്യൂവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലും കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം പരിശോധിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ടെന്നും ആര്‍ഡിഒ പറഞ്ഞു.