കനോലി കനാല്‍ തീരത്ത് അപകടഭീഷണി ഉയര്‍ത്തി ആല്മരങ്ങള്
കാട്ടൂര്‍: എടത്തിരുത്തി കാട്ടൂര്‍ ബസാര്‍ കനോലി കനാലിന്റെ തീരത്തുള്ള ആല്മരങ്ങള് അപകടഭീഷണി ഉയര്‍ത്തുന്നു. കാട്ടൂര്‍ ബസാറിനു സമീപവും എടത്തിരുത്തി പഞ്ചായത്തിലും തീരത്തുള്ള മരങ്ങള്‍ മണ്ണിടിഞ്ഞതോടെ പുഴയിലേക്കു ചാഞ്ഞു നില്‍ക്കുകയാണ്. എടത്തിരുത്തി പഞ്ചായത്തില്‍ കരയിലുള്ള ആല്‍മരം വെള്ളത്തിലേക്കു വീണുകിടക്കുന്നു. മറ്റൊരു മരം വീണ് കാട്ടൂര്‍ പുഴയോരത്തെ വലിയ ആലിന്മേല് തങ്ങി നില്ക്കുന്നു. കാട്ടൂര്‍ പഞ്ചായത്ത് പ്രദേശത്തെ ആല് കടപുഴകിയതോടെ പറയന്‍കടവ് റോഡിനു വിള്ളല്‍ വീണിട്ടുണ്ട്. പുഴയുടെ അരികുകളില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ചേറ്റുവ ഭാഗങ്ങളിലേക്കുള്ള വലിയ വഞ്ചികളും പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വഞ്ചികളും ഇതുവഴി കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ രണ്ടു പഞ്ചായത്ത് അധികാരികളും അടിയന്തരമായി ഇടപെട്ടു പ്രശ്നം പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ആല്‍മരം മുറിച്ചുമാറ്റുക ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നു കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് പറഞ്ഞു. അപകടഭീഷണി ഉയര്‍ത്തുന്ന ആല്‍മരങ്ങളുടെ ചില്ലകള്‍ വെട്ടി അതിന്റെ ഭാരം കുറക്കുകയാണു പെട്ടെന്ന് ചെയ്യാന്‍ കഴിയുക. അതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നു പ്രസിഡന്റ് കൂട്ടിചേര്‍ത്തു. ആല്മരങ്ങള് കനാലിലേക്കു ചെരിഞ്ഞും വീണും കിടക്കുന്നതുമൂലം വഞ്ചികള്‍ക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നു കേരള മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി കെ.വി. സനല്‍ പറഞ്ഞു. മാത്രമല്ല, ഈ സ്ഥലങ്ങളില്‍ മാലിന്യം അടിഞ്ഞു കൂടുകയും ചെയ്യും. വേരുകള്‍ ഇളകി കനാലിന്റെ അരിക് ഇടിഞ്ഞാല്‍ സമീപ റോഡുകളെ ബാധിക്കുമെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു.