ശാരീരിക പരിമിതികളോട് പൊരുതി വിജയം കൈവരിച്ച നജ്മ നാസറിനെ ആദരിച്ചു
വെള്ളാങ്കല്ലൂര്‍: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തംഗമായ നസീമ നാസറിന്റെയും വൈപ്പിന്‍കാട്ടില്‍ നാസറിന്റെയും മകളായ നജ്മ നാസര്‍ ശാരീരിക പരിമിതികളോട് പൊരുതി ബികോം, ബിഎസ്സി ഡിഗ്രികള്‍ക്ക് പുറമെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കോഴ്സില്‍ മികച്ച വിജയം നേടിയതില്‍ വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഗാന്ധി സ്മൃതി പ്രഫഷണല്‍ അവാര്‍ഡ് നല്കി ബെന്നി ബെഹനാന് എംപി ആദരിച്ചു. ഇത്തരം ശാരീരിക പരിമിതികള്‍ ഉള്ള കുട്ടികള്‍ക്ക് നജ്മ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് ഇപ്പോള്‍ നജ്മ. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന, ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. നാസര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമാല്‍ കാട്ടകത്ത്, വി. മോഹന്‍ദാസ്, പഞ്ചായത്ത് അംഗങ്ങളായ ഷംസു വെളുത്തേരി, കെ. കൃഷ്ണകുമാര്‍, മഞ്ജു ജോര്‍ജ്, ജാസ്മിന് ജോയ് എന്നിവര്‍ പങ്കെടുത്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ നജ്മക്ക് ഉമ്മയുടെ പരിചരണം എപ്പോഴും ആവശ്യമാണ്. നജ്മയുടെ ഏക സഹോദരി അജ്മി ഡെന്റല്‍ ഡോക്ടറാണ്.