ഏഴുവര്‍ഷമായിട്ടും പൂര്‍ത്തിയാകാതെ വെള്ളിലാംകുന്ന് കോളനി കമ്യൂണിറ്റി ഹാള്‍ നിര്‍മാണം
മുരിയാട്: ഗ്രാമപഞ്ചായത്തിലെ വെള്ളിലാംകുന്ന് കോളനിയിലെ കമ്യൂണിറ്റി ഹാള്‍ നിര്‍മാണം ഏഴുവര്‍ഷമായിട്ടും പൂര്‍ത്തിയായില്ല. പട്ടികജാതി വികസനവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മാണം തുടങ്ങിയത്. പട്ടികജാതി സങ്കേതങ്ങള്‍ സ്വയംപര്യാപ്ത ഗ്രാമങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 2015 ലാണ് വെള്ളിലാംകുന്ന് കോളനിയില്‍ ഒരു കോടി രൂപ വകയിരുത്തി പദ്ധതി തുടങ്ങിയത്. കോളനിയിലെ 20 വീടുകളുടെ അറ്റകുറ്റപ്പണികള്‍, മൂന്ന് വീടുകളുടെ വൈദ്യുതീകരണം, ശ്മശാനഭൂമിയുടെ ചുറ്റുമതില്‍, കുളം നവീകരണം, കമ്യൂണിറ്റി ഹാളും ചുറ്റുമതിലും, അങ്കണവാടി നവീകരണം എന്നിവയായിരുന്നു പദ്ധതിയിലുള്‍പ്പെട്ടിരുന്നത്. ആലുവ ആസ്ഥാനമായുള്ള ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിനായിരുന്നു നിര്‍വഹണച്ചുമതല. എന്നാല്‍, ഇതുവരെ ശ്മശാനത്തിന്റെ ചുറ്റുമതിലിന്റെയും കമ്യൂണിറ്റി ഹാളിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കാനായിട്ടില്ല. ഹാളും പരിസരവും സാമൂഹികവിരുദ്ധരുടെ താവളമായതായി നാട്ടുകാര്‍ പറഞ്ഞു. ഹാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിലും ബ്ലോക്ക്, ജില്ലാ, സംസ്ഥാന പട്ടികജാതി വികസന ഓഫീസുകളിലും പരാതിയുമായെത്തിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. അതേസമയം കോളനിയിലെ വിവിധ വികസന പദ്ധതികള്‍ക്കായി 65 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നതെന്നും അതുപ്രകാരമുള്ള പദ്ധതികളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ശേഷിക്കുന്നവയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പട്ടികജാതി വികസനവകുപ്പിന് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കമ്മ്യൂണിറ്റി ഹാള്‍ എത്രയുംവേഗം തുറന്നുകൊടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് കെപിഎംഎസ് മുരിയാട് ശാഖ പറഞ്ഞു.