കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തുക, സിപിഐഎം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി
ഇരിങ്ങാലക്കുട: കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനും വര്‍ഗീയ നയങ്ങള്‍ക്കുമെതിരെ സിപിഐഎം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി പുല്ലൂര്‍ സെന്ററില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറിയുമായ ഉഷ പ്രഭുകുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.ജി. മോഹനന് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കുത്തകകളെ കയ്യഴിഞ്ഞ് സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരെ കൊടിയ വിലക്കയറ്റത്തിലൂടെയും സ്വകാര്യവല്ക്കരണനയ സമീപനങ്ങളിലൂടെയും വലക്കുകയാണെന്നും. കര്‍ഷകരെയും യുവാക്കളെയും വീട്ടമ്മമാരെയും ഉള്‍പ്പെടെയുള്ള ജനസമൂഹങ്ങളെ ദുരിതത്തിലാഴ്ത്തി പൊറുതിമുട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഉഷ പ്രഭുകുമാര്‍ പറഞ്ഞു. അദാനിയെ പോലുള്ള വന്‍കിട കുത്തുകള്‍ക്ക് സഹായവും സംരക്ഷണവും നല്കുന്നു. സാധാരണക്കാരുടെ ജീവിതോപാധികളായ എല്‍ഐസി പോലുള്ള പൊതുമേഖല സാമ്പത്തിക സ്ഥാപനങ്ങള്‍ കുത്തകകള്‍ക്കുവേണ്ടി തിരുമറി നടത്തുന്നുവെന്നും. ഗുജറാത്ത് വംശഹത്തിയില് നരേന്ദ്രമോദിയുടെ പങ്കു വെളിവാക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ വിദ്യാര്‍ഥികളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും മഹിളാ അസോസിയേഷന് നേതാവ് പറഞ്ഞു.
സിപിഐഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, കെ.എ. ഗോപി, ജോസ് ജെ. ചിറ്റലപ്പിള്ളി, കെ.എ. ദിവാകരന്, പി.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.