സംഗമേശ്വര വാനപ്രസ്ഥ ആശ്രമത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സാമൂഹ്യ സേവന രംഗത്ത് സര്‍ക്കാര്‍ ഇതര സംഘടനകളുടെ പ്രസക്തി വര്‍ധിച്ച് വരികയാണെന്ന് ഹൈക്കോടതി ജഡ്ജ് സി.എസ്. ഡയാസ്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ നടയില്‍ സേവാഭാരതി നിര്‍മ്മിച്ച പുരുഷ വയോജനങ്ങള്‍ക്കുള്ള സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ഗ്രാന്റുകള്‍ നല്കാമെന്നല്ലാതെ സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരുടെ പരിചരണം എന്ന വിഷയത്തിന് സമൂഹം എറെ പരിഗണന നല്‍കേണ്ട വിഷയമായി മാറിക്കഴിഞ്ഞു. പ്രവര്‍ത്തനം വാക്കുകളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുമെന്നും അത് അന്വര്ത്തമാക്കുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് തായും ജഡ്ജ് ഡയാസ് കൂട്ടിചേര്‍ത്തു. സേവാഭാരതി പ്രസിഡന്റ് നളിന്‍ബാബു എസ്. മേനോന് അധ്യക്ഷത വഹിച്ചു. മുന്‍ ഡിജിപി ജേക്കബ്ബ് തോമസ് മുഖ്യാതിഥി ആയിരുന്നു. സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. രഞ്ജിത്ത് വിജയഹരി മുഖ്യപ്രഭാഷണവും സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും നടത്തി. ജനറല്‍ കണ്‍വീനര്‍ സതീഷ് പള്ളിച്ചാടത്ത് നിര്‍മ്മാണ പ്രവര്‍ത്തന അവലോകനം നിര്‍വഹിച്ചു. ചെറുശ്ശേരി വിവേകാനന്ദ ആശ്രമത്തിലെ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘചാലക് ബാലഗോപാല്‍, സാമൂഹ്യ സുരക്ഷ വകുപ്പിലെ കൗണ്‍സിലര്‍ ദിവ്യ, ആശ്രമം ട്രസ്റ്റീ കല്യാണി ഗോപിനാഥ് സേവാഭാരതി ട്രഷറര്‍ കെ.ആര്. സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു.