വിനോദയാത്ര പോയ സമയം ഇരിങ്ങാലക്കുടയില്‍ വീട് കുത്തിത്തുറന്ന് മോഷണം, സിസിടിവി ക്യാമറകള്‍ തകര്‍ത്ത നിലയില്‍
വീട്ടിലുണ്ടായിരുന്ന വിലകൂടിയ വിദേശമദ്യം എടുത്ത് കിണറിനു സമീപം മദ്യപിച്ചതിന്റെ ലക്ഷണങ്ങളുണ്ട്
രണ്ടാഴ്ച മുമ്പ് പുല്ലൂരിലും അവിട്ടത്തൂരിലും മോഷണം നടത്തിയ സംഘമാണോ ഇതിനു പിന്നിലെന്നു സംശയം
ഇരിങ്ങാലക്കുട: കുടുംബം കുളുമണാലി വിനോദയാത്ര പോയ സമയം ഇരിങ്ങാലക്കുടയില്‍ പൂട്ടിക്കിടന്ന വീട് കുത്തി തുറന്ന് മോഷണം. ചേലൂരില്‍ കെഎസ് പാര്ക്കിന് സമീപം ചേരമ്പറമ്പില് ഭാഗ്യരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാഗ്യരാജും കുടുംബവും വിനോദയാത്ര പോയിരുന്നതിനാല്‍ വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാത്രി മോഷ്ടാക്കള്‍ പുറകുവശത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് അടിച്ച് തകര്‍ക്കുകയും പിന്നീട് മുകളിലെ വാതില്കുത്തി തുറന്ന് വീടിനകത്തേക്ക് കടക്കുകയും എല്ലാ മുറികളിലെയും അലമാരകള്‍ കമ്പിപാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചു വസ്ത്രങ്ങളും മറ്റും വലിച്ചുവാരി ഇട്ടനിലയിലാണ്. വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപ നഷ്ടമായിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്നതിനാല്‍ മോഷ്ടാക്കള്‍ക്ക് അത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്ന കമ്പിപ്പാരയും കട്ടര്‍ മുതലായ സാധനങ്ങള്‍ ഉപേക്ഷിച്ചാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. ഇന്നലെ രാവിലെ ഒമ്പതരയോടെ ഭാഗ്യരാജിന്റെ സഹോദരന് സലി മുകളിലെ നിലയില്‍ ചെടികള്‍ നനക്കുന്നതിനായി അകത്തുകടന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ക്യാമറയും ലാപ്ടോപ്പും നഷ്ടപ്പെട്ടിട്ടില്ലെന്നും വീടിന്റെ അകത്ത് ഉണ്ടായിരുന്ന മദ്യക്കുപ്പിയില്‍ നിന്നും മദ്യപിച്ചതിനുശേഷം വീടിനുപുറത്ത് മലമൂത്രവിസര്‍ജനം കൂടി നടത്തിയാണ് മോഷ്ടാക്കള്‍ കടന്നത്. സുരക്ഷക്കായി ഒരുക്കിയ വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്ത നിലയിലാണ്. സിസിടിവി തകര്‍ത്തെങ്കിലും അതില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ചിത്രത്തില്‍ നിന്ന് രണ്ടുപേരാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ വളര്‍ത്തുനായയെ ടേക് കെയര്‍ സെന്റ്റില്‍ ആക്കുകയും ചെയ്തിരുന്നു. രണ്ട് മോഷ്ടാക്കളുടെ ചിത്രങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിലെ സിസിടിവികള്‍ തകര്‍ത്തിട്ടുണ്ട്. വീട്ടില്‍ വലിയ വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും വലിയ തോതിലുള്ള കോയിന് കളക്ഷനും ഉണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ അതൊന്നും എടുത്തിട്ടില്ല. എങ്കിലും വീട്ടിലുണ്ടായിരുന്ന വിലകൂടിയ വിദേശമദ്യം എടുത്ത് കിണറിനു സമീപം വച്ച് മദ്യപിച്ചതിന്റെ ലക്ഷണങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷം കേസെടുത്തു അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് പുല്ലൂരില്‍ മോഷണവും അവിട്ടത്തൂരില്‍ മോഷണ ശ്രമവും നടത്തിയ സംഘമാണോ ഇതിനു പിന്നലെന്നും പോലീസ് സംശയിക്കുന്നുണ്ട്. വിരലടയാള വിദഗ്ദര്‍ സംഭവ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ഇരിങ്ങാലക്കുട സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.