നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി
ഇരിങ്ങാലക്കുട: ചലച്ചിത്ര വിസ്മയക്കാഴ്ചകളുടെ എഴ് രാപ്പകലുകള്‍ക്ക് ശേഷം നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. പത്ത് ഭാഷകളില്‍ നിന്നായി ശ്രദ്ധേയമായ 21 ചിത്രങ്ങളാണ് മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി പ്രദര്‍ശിപ്പിച്ചത്. മഹാമാരി പൗര ജീവിതത്തില്‍ സ്യഷ്ടിച്ച വ്യഥകളും അടച്ചിടല്‍ നിയമങ്ങളുടെ പേരില്‍ ഭരണകൂടം നടത്തിയ വേട്ടയാടലുകളും പ്രമേയമാക്കിയ ഹിന്ദി ചിത്രം ഓണ്‍ ദി ഐദര്‍ സൈഡ്സ് ഓഫ് ദി പോണ്ടും മലയാള ചിത്രം ഏകന്‍ അനേകനും സമാപന ദിവസത്തെ പ്രദര്‍ശനങ്ങളില്‍ ശ്രദ്ധ നേടി. ചിദംബരം പളനിയപ്പന്‍ സംവിധാനം ചെയ്ത ഏകന്‍ അനേകന്റെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന്റെ നിര്‍മ്മാതാവും എടക്കുളം സ്വദേശിയുമായ വിപിന്‍ പാറേമക്കാട്ടിലെ ഇരിങ്ങാലക്കുട ആര്‍ഡിഒ എം.കെ. ഷാജി ആദരിച്ചു. ചിത്രത്തിന്റെ എഴുത്തുകാരും അഭിനേതാക്കളുമായ ഉണ്ണി മേഖലന്, തേജസ്, ഷോണ്‍ മുരളി, സതീഷ് കോണത്തുകുന്ന് ഫിലിം സൊസൈറ്റി ട്രഷറര്‍ ടി.ജി. സച്ചിത്ത് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് ഓര്‍മ്മ ഹാളില്‍ ആസ്ട്രിയന്‍ ചിത്രം കോര്സാഴ് പ്രദര്‍ശിപ്പിച്ചു.