ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹൈജിന്‍ശ്രീ ഗ്രൂപ്പിന്റെ വാഹനത്തിന് നേരെ അക്രമണം;
നടപടി ആവശ്യപ്പെട്ട് ഗ്രൂപ്പിലെ ജീവനക്കാരികള്‍; നഗരസഭാ ഓഫീസ് പരിസരം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വിമര്‍ശനം
ഇരിങ്ങാലക്കുട: നഗരസഭാ പരിധിയിലെ വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹൈജിന്‍ശ്രീ ഗ്രൂപ്പ് വേസ്റ്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍. നഗരസഭ ഓഫീസ് പരിസരത്ത് കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തികള്‍ക്ക് ശേഷം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഇടത് വാതിലിന്റെ ഗ്ലാസ് ആണ് തകര്‍ത്തിരിക്കുന്നത്. ഇന്നലെ രാവിലെ വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ എത്തിയ ഗ്രൂപ്പ് അംഗങ്ങളാണ് വണ്ടിക്ക് നേരെ അക്രമണം നടത്തിയതായി കണ്ടെത്തിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ലോണ്‍ എടുത്ത് നാല് വാഹനങ്ങളാണുളളത്. ആകെ 14 പേരാണ് ഗ്രൂപ്പിലുള്ളത്. വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ എത്തിക്കുന്ന ജോലിയാണ് ഇവര്‍ നടത്തി വരുന്നത്. വീടുകളില്‍ നിന്ന് ഈടാക്കുന്ന യൂസര്‍ ഫീ മാത്രമാണ് ഇവരുടെ വരുമാനം. തങ്ങളുടെ വാഹനങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത അവസ്ഥയാണെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന നഗരസഭ ഓഫീസ് പരിസരം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഗ്രൂപ്പ് അംഗങ്ങള്‍ പറഞ്ഞു. നഗരസഭയില്‍ നിന്നും ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാറില്ല. രാവിലെ മൈതാനത്ത് നടക്കാന്‍ എത്തുന്നവര്‍ മാത്രമാണ് സഹായങ്ങളുമായി എത്താറുള്ളത്. സംഭവത്തെ തുടര്‍ന്ന് നാല് വണ്ടികളില്‍ മൂന്നെണ്ണവും സര്‍വീസ് നടത്തിയിട്ടില്ല. സംഭവത്തിന് ഉത്തരവാദികളായവര്‍ക്ക് നേരെ നടപടി എടുക്കണമെന്നും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നഗരസഭ അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയതായി ഇവര്‍ അറിയിച്ചു.