അഖില കേരള വനിത ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
കല്ലേറ്റുംകര: മുഗള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വാലപ്പന് എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള വനിത ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കല്ലേറ്റുംകര ബിവിഎം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി എട്ടു പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. ക്ലബ് പ്രസിഡന്റും, മുന്‍ ദേശീയ 800 മീറ്റര്‍ ജേതാവുമായ വര്‍ഗീസ് പന്തല്ലൂക്കാരന്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍, പത്മശ്രീ കെ.എം. ബീന മോള് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, മുന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളര് സി.സി. ജേക്കബ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. ജോസഫ്, ജനറല്‍ കണ്‍വീനര്‍ ഷാജന് കള്ളിവളപ്പില്‍, ഷാജു വാലപ്പന്, ഡേവിസ് മടാന, തോമസ് വാഴപ്പിള്ളി, വാര്‍ഡ് മെമ്പര്‍ ടി.വി. ഷാജു, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ വര്‍ഗീസ് തുളുവത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആദ്യ മത്സരത്തില്‍ ഗോകുലം എഫ്സി കേരള വനിതാ ടീം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് സെന്റ് മേരീസ് കോളജിനെ പരാജയപ്പെടുത്തി.