കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ ദേവാങ്കണം ചാരുഹരിതം പദ്ധതി ഉദ്ഘാടനം
ഇരിങ്ങാലക്കുട: ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭം ആക്കാൻ ദേവസ്വം വകുപ്പ് നടപ്പിലാക്കുന്ന ദേവാങ്കണം ചാരുഹരിതം എന്ന പദ്ധതിക്ക് കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ ആരംഭം കുറിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അശോക വൃക്ഷത്തൈകൾ നട്ടുകൊണ്ട് ഈ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. കൂടൽമാണിക്യം ദേവസ്വം സംഗമേശ്വര ആയുർവേദ ഗ്രാമം, കേരള സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെയും, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന അശോക വനം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം 2022 ഡിസംബർ 4ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു നിർവഹിച്ചിരുന്നു. അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന അശോകവൃക്ഷ സംരക്ഷണമാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ആയുർവേദ ഔഷധ നിർമ്മാണത്തിൽ ഒരു സുപ്രധാന ചേരുവയായ അശോകം ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. സ്ത്രീ രോഗ ചികിത്സയിൽ വളരെ പ്രധാനപ്പെട്ട ഔഷധമാണ് അശോകം. കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയിൽ ഘട്ടം ഘട്ടമായി പതിനായിരം അശോക വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദേവസ്വത്തിന്റെ മറ്റു നിർമാണ പ്രവർത്തനങ്ങൾക്കോ വികസന പദ്ധതികൾക്കോ കോട്ടം വരാത്ത രീതിയിൽ ക്ഷേത്രാങ്കണത്തിന്റെ അതിരുകളിലായാണ് ഇവ നട്ട് സംരക്ഷിക്കുന്നത്. അശോക വനം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനാണ് ആരംഭം കുറിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് മെമ്പർമാർ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവരും ഉദ്ഘാടന ചടങ്ങിൽ എത്തിയിരുന്നു.