അന്തരിച്ച മലയാളി ജന്തുശാത്രജ്ഞന്റെ പേരില്‍ പുതിയ ഇനം ചിലന്തി
കേരളത്തിലെ ചിലന്തി ഗവേഷണശാസ്ത്രത്തിനു തുടക്കം കുറിച്ച് കേരളത്തിലെ ചിലന്തി ഗവേഷണ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന യശശരീരനായ ഡോ. പി.എ. സെബാസ്റ്റിന്റെ പേരില്‍ പുതിയ ചിലന്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെെൈ ജവവൈവിധ്യഗവേഷണ കേന്ദ്രത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വയനാട്ടിലെ തിരുനെല്ലിയില്‍ നിന്നും കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്കാണ് ഡോ. സെബാസ്റ്റിനോടുള്ള ആദര സൂചകമായി ഡ്രാപോസ സെബാസ്ത്യാനി എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ചെന്നായ് ചിലന്തി വിഭാഗത്തില്‍പെടുന്ന ഇതിന് കേരളത്തിലെ ചിലന്തി ഗവേഷണത്തിന് ആരംഭം കുറിച്ച തേവര സേക്രഡ്ഹാര്‍ട്ട് കോളജിലെ അധ്യാപകന് ആയിരുന്ന ഡോ. പി.എ. സെബാസ്റ്റിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. തേവര കോളജില്‍ ചിലന്തി ഗവേഷണത്തിന് മാത്രമായി ഒരു വിഭാഗം ആരംഭിക്കുകയും, അനേകം ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുകയും, ഒടുനവധി ശാസ്ത്ര പ്രബന്ധങ്ങളുടെ രചയിതാവും ആയ അദ്ദേഹം 2021 ല്‍ അന്തരിച്ചു. മരണം വരെ ഗവേഷണത്തില്‍ മുഴുകി ഇരുന്ന അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ആണ് ഈ നാമകരണം. ഇരകളെ ഓടിച്ചിട്ടു ആക്രമിച്ചു കീഴ്പ്പെടുത്തുന്ന ചെന്നായ ചിലന്തികളിലെ ഏറ്റവും പുതിയ അംഗമാണ് ഇത്. പുല്‍മേടുകളില്‍ കാണപ്പെടുന്ന ഇവ വല നെയ്യാറില്ല. പെണ്‍ചിലന്തിയെ അപേക്ഷിച്ചു ആണ്‍ചിലന്തി കൂടുതല്‍ ഇരുണ്ടനിറത്തിലുള്ളതാണ്. ആണ്‍ചിലന്തി പ്രത്യേകരീതിയില്‍ കയ്യുകളും കാലുകളും ചലിപ്പിച്ചു നൃത്തംചെയ്താണ് പെണ്‍ചിലന്തിയെ ഇണചേരാന്‍ ആകര്‍ഷിക്കുന്നത്. 34 മില്ലിമീറ്റര്‍ വരെ വലിപ്പം വയ്ക്കുന്ന ഇവര്‍ കീടങ്ങളുടെ ജൈവനിയന്ത്രണത്തില്‍ വലിയ പങ്കുവഹിക്കുന്നു. കേന്ദ്ര ശാസ്ത്രസാങ്കേതിക കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ. സുധികുമാര്‍ എ.വി. യുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ഗവേഷണവിദ്യാര്‍ഥി ആര്.എസ്. അഭിജിത് പങ്കാളിയായി. ഗവേഷകര്‍ ഇരുവരും തേവര കോളജിലെ പൂര്‍വവിദ്യാര്‍ഥികളുമാണ്. ഗവേഷണഫലം അന്തര്‍ദേശീയ ജൈവവൈവിധ്യ മാസികയായ ‘ടാപ്രോബനിക്ക’ യുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.