അടിസ്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന സാഹചര്യത്തില്‍ ഭരണഘടന ഒരു അലങ്കാര പുസ്തകം മാത്രമായി മാറി- സുനില്‍ പി ഇളയിടം
ഇരിങ്ങാലക്കുട : ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ നിരാകരിക്കുന്ന സാഹചര്യത്തില്‍ ഔപചാരികമായ ഒരു അലങ്കാര പുസ്തകം മാത്രമായി ഇന്ത്യന്‍ ഭരണഘടന മാറിക്കഴിഞ്ഞതായി ഡോ സുനില്‍ പി ഇളയിടം. സേവ് ഡെമോക്രസി, സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് ഇരിങ്ങാലക്കുട യൂണിറ്റ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണസദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടന മുന്നോട്ട് വച്ച മൂന്ന് പ്രധാന ഘടകങ്ങളില്‍ രണ്ടെണ്ണത്തിനെ ദുര്‍ബലപ്പെടുത്തി എക്സിക്യൂട്ടീവ് അമിതമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചന കൂടിയാണിത്. പാര്‍ലമെന്റ് ഒരു വര്‍ഷത്തില്‍ 50 ദിവസം പോലും ചേരുന്നില്ല. ഒരു ചര്‍ച്ചയും കൂടാതെയാണ് കര്‍ഷക ബില്‍ പാസ്സാക്കിയത്. മധ്യകാല രാജാധികാരത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും അവശിഷ്ടങ്ങളെ വീണ്ടും പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ നടന്ന ചെങ്കോല്‍ ചടങ്ങില്‍ നമ്മള് തിരിച്ചറിയേണ്ടത്. ഭരണഘടനയുടെ അടയാളങ്ങള്‍ ഒന്നും തന്നെ അശ്ലീലമെന്ന് വിശേഷിപ്പിക്കാവുന്ന പ്രസ്തുത ചടങ്ങില്‍ ദൃശ്യമായിരുന്നില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ മാനിക്കുന്ന ഭരണകൂടമില്ലെങ്കില്‍ എത്ര മെച്ചപ്പെട്ട ഭരണഘടന ഉണ്ടായിട്ടും കാര്യമില്ലെന്ന് അംബേദ്കര്‍ തന്നെ തിരിച്ചറിഞ്ഞിരുന്നതായി സുനില്‍ പി ഇളയിടം പറഞ്ഞു. എസ് എന്‍ ക്ലബ് ഹാളില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് അഡ്വ.സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, സിപിഐഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍. എഐഎല്‍യു ജില്ലാ സെക്രട്ടറി അഡ്വ.കെ.ജി. സന്തോഷ് കുമാര്‍. ജില്ലാ പ്രസിഡന്റ് അഡ്വ. സി.ജെ. ബിമല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. അജയകുമാര്‍. അഡ്വ. അഷറഫ് സബാന്, അഡ്വ.വി.പി. ലിസന്‍, കെ.എ. മനോഹരന് എന്നിവര്‍ പ്രസംഗിച്ചു.