വെള്ളക്കെട്ട് ഭീഷണി;കുത്തുമാക്കൽ തടയണ തുറക്കണംപറമ്പുകളിലേക്ക് വെള്ളം കയറിത്തുടങ്ങി
എടതിരിഞ്ഞി: കെഎൽഡിസി കനാലിലെ കുത്തുമാക്കൽ തടയണയുടെ കൂടുതൽ ഷട്ടറുകൾ തുറക്കണമെന്ന് ആവശ്യം. രണ്ടുദിവസമായി മഴ തുടരുന്നതിനാൽ പഞ്ചായത്തിലെ കെഎൽഡിസി കനാലിനോടു ചേർന്നുള്ള പടിയൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണി നേരിടുകയാണ്. വ്യാഴാഴ്ച്ച ഇറിഗേഷൻ ഷട്ടറുകളിൽ ഒന്ന് തുറന്നെങ്കിലും കൂടുതൽ ഷട്ടറുകൾ തുറക്കണമെന്നാണു പ്രദേശത്തെ ജനങ്ങളുടെ ആവശ്യം. ഒന്നാം വാർഡിൽ കുത്തുമാക്കൽ, മേനാലി, കാക്കാത്തുരുത്തി പ്രദേശങ്ങളിലാണു പറമ്പുകളിലേക്ക് വെള്ളം കയറി തുടങ്ങിയിരിക്കുന്നത്.
പഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് കാക്കത്തിരുത്തി, മേനാലി മേഖല. പ്രളയത്തിലും മുൻവർഷങ്ങളിലുണ്ടായ കാലവർഷങ്ങളിലും ഏറ്റവും കൂടുതൽ വീടുകളിൽ വെള്ളം കയറിയത് കനാലിനോടുചേർന്ന് കിടക്കുന്ന ഈ പ്രദേശങ്ങളിലാണ്. വർഷംതോറും കനോലി കനാലിൽ നിന്ന് ഉപ്പുവെള്ളം കടക്കാതിരിക്കാൻ കൂത്തുമാക്കൽ ഷട്ടർ അടയ്ക്കാറുണ്ടെങ്കിലും മഴ സജീവമാകുന്നതോടെ തുറക്കാറാണു പതിവ്. എന്നാൽ, ഇത്തവണ നേരത്തെ ഒരു തവണ ഷട്ടർ തുറന്ന് പിന്നീട് അടച്ചിരുന്നു. അതിനുശേഷം ഇപ്പോൾ വെള്ളം കയറിയതു പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വ്യാഴാഴ്ച വീണ്ടും ഒരു ഷട്ടർ തുറന്നിരിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. 16 ഷട്ടറുകളാണ് കൂത്തുമാക്കലിനുള്ളത്. ചിമ്മിനി, മുപ്ലിയം മുതലായ സ്ഥലങ്ങളിൽനിന്ന് കെഎൽഡിസി കനലിലൂടെ ഒഴുകിയെത്തുന്ന വെള്ളം തങ്ങുന്നത് ഇവിടെയാണ്. കനാലിനോടു ചേർന്നുള്ള ഫാം തോട് വെള്ളത്തിൽ മുങ്ങി സമീപത്തെ പറമ്പുകളിലേക്കു വെള്ളംകയറിത്തുടങ്ങി. വരുംദിവസങ്ങളിൽ മഴ തുടർന്നാൽ വെള്ളക്കെട്ട് രൂക്ഷമാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു. അതിനാൽ കൂടുതൽ ഷട്ടറുകൾ തുറക്കണമെന്നാണ് ആവശ്യം.