സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ദുക്റാന ഊട്ടുതിരുനാളിനു വൻഭക്തജനപ്രവാഹം
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ടുതിരുനാളിന് വൻഭക്തജനപ്രവാഹം. ഇന്നലെ രാവിലെ 7.30 ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പുകർമം ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. തുടർന്ന് നടന്ന ദിവ്യബലിക്ക് ഫാ. അജിത്ത് ചിറ്റിലപ്പിള്ളി മുഖ്യകാർമികത്വം വഹിച്ചു. രൂപത ചാൻസലർ ഫാ. കിരൺ തട്ട്ള സന്ദേശം നൽകി. സ്പിരിച്വാലിറ്റി സെന്റർ ജോയിന്റ് റെക്ടർ ഫാ. സീമോൻ കാഞ്ഞിത്തറ സഹകാർമികത്വം വഹിച്ചു. തുടർന്ന് പള്ളിചുറ്റി പ്രദക്ഷിണം നടത്തി. കത്തീഡ്രൽ അങ്കണത്തിലെ പന്തലിൽ കാൽ ലക്ഷം പേർക്കാണു ദുക്റാന നേർച്ചയൂട്ട് നടത്തിയത്. വികാരി ഫാ. പയസ് ചെറപ്പണത്ത്, അസി.വികാരിമാരായ ഫാ. സിബിൻ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കൽ, ഫാ. ജോർജി തേലപ്പിള്ളി, ട്രസ്റ്റിമാരായ ടോമി ഊളക്കാടൻ, ബാബു കുറ്റിക്കാട്ട് നെയ്യൻ, ഷാജൻ കണ്ടംകുളത്തി, ബിജു പോൾ അക്കരക്കാരൻ എന്നിവർ നേതൃത്വം നൽകി. ഇന്ന് വൈകീട്ട് ഏഴിന് കത്തീഡ്രൽ അങ്കണത്തിൽ ഇടവകയിലെ 500 ൽപരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ദൃശ്യ സംഗീത വിസ്മയ സന്ധ്യ അതാരഹ് 2കെ23 ഉണ്ടായിരിക്കും. ബിഷപ് മാർ പോളി കണ്ണൂക്കാടൻ മെഗാഷോ ഉദ്ഘാടനം ചെയ്യും.