മണിപ്പുര്‍ കലാപം; ഇന്ത്യയുടെ മതേതരത്വത്തിനേറ്റ മുറിവ്: സിഎല്‍സി

ക്രൈസ്തവ സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢശക്തികള്‍ക്കതിരെ സമൂഹ മനസാക്ഷി ഉണരണം: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മുന്നോട്ടുവരണമെന്നും ക്രൈസ്തവ സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢശക്തികള്‍ക്കതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സിഎല്‍സി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മണിപ്പുര്‍ സംസ്ഥാനം കത്തിയെരിയുമ്പോള്‍ രണ്ടു വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം രാഷ്ട്രീയലക്ഷ്യമക്കി വളര്‍ത്തിയെടുത്ത് പള്ളികളും സ്കൂളുകളും അടിച്ചുതകര്‍ക്കുകയും വീടുകള്‍ കൊള്ളയടിച്ചും ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം നടത്തുകയാണ്. ചില ഗൂഢശക്തികളുടെ അജണ്ടയാണ് ഇതിനു പിന്നിലെന്ന് രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മണിപ്പുര്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പക്ഷപാതപരമായ നിലപാടുകളും പ്രധാനമന്ത്രിയുടെ മൗനവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷത കാത്തുസൂക്ഷിക്കുകയും ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ നിഷ്ക്രിയത്വം ഉപേക്ഷിക്കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ന്യൂനപക്ഷവകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്കുന്ന ഭീമഹര്‍ജിയില്‍ ആദ്യ ഒപ്പിട്ടുകൊണ്ട് സേവ് മണിപ്പുര്‍ കാമ്പയിനും ബിഷപ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷോബി കെ. പോള്‍ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖപ്രസംഗം നടത്തി. ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതിസ് പ്രമേയം അവതരിപ്പിച്ചു. നാഷണല്‍ എക്സി. അംഗം വിനേഷ് കോളേങ്ങാടന്‍, സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരന്‍, ട്രഷറര്‍ ബിജില്‍ സി. ജോസഫ്, വൈസ് പ്രസിഡന്റ് ഷീല ജോയ്, ഓര്‍ഗനൈസര്‍മാരായ സിജു തോമസ്, ബിബിന്‍ പോള്‍, ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് ഗ്ലൈജോ തെക്കൂടന്‍, കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്റ് കെ.പി. നെല്സന് എന്നിവര്‍ പ്രസംഗിച്ചു.