മൂന്ന് ഡോക്ടര്‍മാരുടെ സേവനം പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തില്‍ രാവിലെ 9 മുതൽ 4 വരെ
ഇരിങ്ങാലക്കുട: പടിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനു ഇനി കുടുംബാരോഗ്യ കേന്ദ്ര പദവി. ‘ആര്‍ദ്രം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നര വര്‍ഷം മുമ്പാണു പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്‍ആര്‍എച്ച്എമ്മില്‍ നിന്നു അനുവദിച്ച 13 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണു പണി പൂര്‍ത്തീകരിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ലബോറട്ടറി സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കും. കുടുംബാരോഗ്യകേന്ദ്രത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ടു നാലു വരെ മൂന്നു ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. മൂന്നു സ്റ്റാഫ് നഴ്സുമാരും ഉണ്ടാകും. 16 ആശാവര്‍ക്കര്‍മാരുടെ സേവനവും പഞ്ചായത്തിനു ലഭിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, ബ്ലോക്ക് മെമ്പര്‍ ലത വാസു, വികസനകാര്യ ചെയര്മാന് കെ.സി. ബിജു, ആരോഗ്യവിഭാഗം ചെയര്മാന് സി.എ. ശിവദാസന്‍, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ സംഗീത സുരേഷ്, പഞ്ചായത്ത് മെമ്പര്‍മാരായ സി.എം. ഉണ്ണികൃഷ്ണന്, ബിനോയ് കോലന്ത്ര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. മറ്റു മെമ്പര്‍മാര്‍, പഞ്ചായത്ത് അധികൃതര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.