ഇരിങ്ങാലക്കുട ആയുര്‍വേദാ ശുപത്രിയില്‍ മരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സ്ഥലമില്ല
നിര്‍മ്മാണ സാഹചര്യം വിലയിരുത്താന്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്താന്‍ ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനം
ഇരിങ്ങാലക്കുട: രണ്ട് ഘട്ടങ്ങളിലായി മൂന്നരക്കോടി രൂപ ചിലവഴിച്ച ഇരിങ്ങാലക്കുട ആയുര്‍വേദ ആശുപത്രിയില്‍ മരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ആവശ്യമായ സ്ഥലമില്ല. നാല്പത് ലക്ഷം രൂപയുടെ മരുന്നുകളാണ് ഒരു വര്‍ഷം നഗരസഭയില്‍ നിന്നുള്ള ഫണ്ട് കൊണ്ട് ആശുപത്രിയില്‍ വാങ്ങിക്കുന്നത്. നിലവില്‍ ഫാര്‍മസിയിലും എക്സേ റൂമിലുമായിട്ടാണ് മരുന്നുകള്‍ സൂക്ഷിക്കുന്നത്. എക്സറേ യൂണിറ്റ് ഉടന്‍ ആരംഭിക്കുന്നതോടെയാണ് മരുന്നുകള്‍ സൂക്ഷിക്കാനുള്ള സ്ഥലത്തിന്റെ പരിമിതി ഉടലെടുക്കുന്നത്. സാഹചര്യം വിലയിരുത്തി അനുയോജ്യമായ നിര്‍മ്മാണത്തിനായി നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനമായി. സന്ദര്‍ശക ഫീസില്‍ നിന്നുള്ള വരുമാനം കുറഞ്ഞത് കൊണ്ടാണ് സെക്യൂരിറ്റി തസ്തികയില്‍ ആളെ നിയമിക്കാന്‍ കഴിയാത്തതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. കെട്ടിടത്തിനായി അനുവദിച്ച മൂന്നരക്കോടിയില്‍ മിച്ചമുള്ള 62 ലക്ഷം കൊണ്ട് എസിപി വര്‍ക്ക്, ടൈല്‍ വിരിക്കല്‍ എന്നീ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. കെട്ടിടത്തില്‍ ഫയര്‍ സംവിധാനങ്ങള്‍ ഇല്ലാത്തതും പേ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് കുടുംബശ്രീ വഴി ഭക്ഷണം എത്തിക്കാനും വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ കോഫീ ഷോപ്പ് ആരംഭിക്കാനുള്ള സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്തു. രണ്ട് മാസം കൂടുമ്പോള്‍ വികസന സമിതി യോഗം നിര്‍ബന്ധമായും ചേരണമെന്ന് മന്ത്രിയും നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാറും നിര്‍ദ്ദേശം നല്കി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ സിജു യോഹന്നാന്, വികസന സമിതി അംഗങ്ങളായ നന്ദന്, ബെന്നി വിന്‍സെന്റ്, രാജു പാലത്തിങ്കല്‍, ഷാജു കണ്ടംകുളത്തി, ഡോക്ടര്‍മാരായ പ്രീതി ദേവദാസ്, ബിജു ബാലകൃഷ്ണന് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.