റെയിൽവേ സ്റ്റേഷൻ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എംപിയുടെ നിവേദനം
ഇരിങ്ങാലക്കുട: റെയിൽവേ സ്റ്റേഷൻ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതാപൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു നിവേദനം സമർപ്പിച്ചു. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കൂടാതെ ഗുരുവായൂർ സ്റ്റേഷൻ അടക്കമുള്ള തൃശൂർ ജില്ലയിലെ മറ്റു റെയിൽവേ സ്റ്റേഷനുകളുടെ വികസന ആവശ്യങ്ങളും മന്ത്രിയെ എംപി ധരിപ്പിച്ചു.
ഇരിങ്ങാലക്കുട സ്റ്റേഷൻ അമൃതഭാരത് പതിയിലുൾപ്പെടുത്തി വികസിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. നേരത്തെ സ്റ്റോപ്പുണ്ടായിരുന്ന മലബാർ എക്സ്പ്രസ്, പൂനെ എക്സ്പ്രസ, പുനലൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് സ്ഥാപിക്കണമെന്നും പാലരുവി, ഏറനാട്, ഷാലിമാർ, ദിബ്രുഗഡ്, ആരോണായ് എക്സ്പ്രസുകൾക്ക് പുതുതായി സ്റ്റോപ്പുകൾ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന ഗുരുവായൂർ തിരുനാവായ റെയിൽവേ പദ്ധതി വേഗത്തിൽ ആക്കണമെന്നു ഗുരുവായൂർ സ്റ്റേഷനെ അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന നടപടികൾ വേഗത്തിൽ ആക്കണമെന്നും ആവശ്യപ്പെട്ടു. ഗുരുവയൂരിനെ ദക്ഷിണേന്ത്യയിലെ മറ്റു തീർത്ഥാടനം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന സർവീസുകൾ ആരംഭിക്കുക, ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമുകൾ അനുവദിക്കുക, പുതുക്കാട് സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകൾക്കിടയിൽ ഫൂട്ട് ഓവർ ബ്രിഡിജ് സ്ഥാപിക്കുക, നെല്ലായി സ്റ്റേഷൻ കെട്ടിടം നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.