നടവരമ്പ് അംബേദ്കർ കോളനിക്കാർക്ക് ഇനി സൗരോർജ കരുത്ത്
ഇരിങ്ങാലക്കുട: നടവരമ്പ് അംബേദ്കർ കോളനിക്ക് കരുത്ത് പകരാൻ ഇനി സൗരോർജം. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോളനിയിലേക്ക് വെളിച്ചം പകരാൻ സോളാർ പാനലുകൾ നൽകിയത്. ഇൻഡക്ഷൻ കുക്കറുകളുടെ വിതരണവും നടന്നു.
കോളനിയിലെ 44 കുടുംബങ്ങൾക്കാണു സോളാർ പാനലുകൾ നൽകിയത്. സൗരോർജ പദ്ധതികളുടെ ആനുകൂല്യങ്ങൾ പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഇൻഡക്ഷൻ സ്റ്റൗ ഗുണഭോക്താവിന് കൈമാറികൊണ്ട് സ്മാർട്ട് കിച്ചൻ എന്ന സങ്കൽപവും യാഥാർത്ഥ്യമാകുകയാണ്.
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹരിത വരുമാന പദ്ധതിയിൽ ഉൾപ്പെടുത്തി 63 ലക്ഷം രൂപ ചെലവിട്ടാണു മൂന്നു കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ നൽകിയത്. അധിക വൈദ്യുതിയിൽനിന്ന് ചെറിയ വരുമാനം കണ്ടെത്താൻ കുടുംബങ്ങൾക്കാകും.
നടവരമ്പ് അംബേദ്കർ കോളനി പരിസരത്തു നടന്ന ചടങ്ങ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കുറ്റിപറന്പിൽ, അനെർട്ട് ജില്ലാ എൻജിനിയർ കെ.വി. പ്രിയേഷ്, എസ്.സി ഡെവലപ്മെന്റ് ഓഫീസർ എം.ടി. ഡിജി, നിക്സി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശശികുമാർ ഇടപ്പുഴ, കെ.ബി. ബിനോയ്, ആസ്മാബി ലത്തീഫ്, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പ്രസന്ന അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അമനത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സുധാ ദിലീപ്, പഞ്ചായത്ത് അംഗം സുനിതാ രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.