കെഎസ്ആര്‍ടിസി വരുമാനമുണ്ട്, വണ്ടിയെടുക്കാനാളില്ല; പൂട്ടല്‍ ഭീഷണിയില്‍ ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്റര്‍
സര്‍വീസുകള്‍ – 10, ഡ്രൈവര്‍മാര്‍ – 18, കണ്ടക്ടര്‍മാര്‍ – 5
ഇരിങ്ങാലക്കുട: സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതോടെ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. പ്രതിമാസം മൂന്നുലക്ഷത്തിലേറെ വരുമാനമുള്ള ഓപ്പറേറ്റിംഗ് സെന്ററില്‍നിന്ന് നാട്ടുകാര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ നടത്തിയിരുന്ന ഒട്ടുമിക്ക സര്‍വീസുകളും വെട്ടിക്കുറച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം വരുമാനമില്ലെന്ന കാരണം കാണിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്റര്‍ അടച്ചുപൂട്ടാനുള്ള നീക്കമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ജനകീയമായിരുന്ന മിക്ക പ്രാദേശിക സര്‍വീസുകളും നിര്‍ത്തലാക്കിയിരിക്കുകയാണ്. 29 ഓളം സര്‍വീസുകള്‍ നടത്തിയിരുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍നിന്ന് ഇപ്പോള്‍ കേവലം 11 സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. ചില ദിവസങ്ങളില്‍ അതു പത്തായി ചുരുങ്ങും. 21 ദിവസം സര്‍വീസിന് 40 ഡ്രൈവര്‍മാരെയാണ് വേണ്ടത്. ഉള്ളതാകട്ടെ 22 പേര് മാത്രവും. 17 സര്‍വീസ് നടത്താന്‍ 35 ഡ്രൈവര്‍മാര്‍ വേണം. അഞ്ച് ഡ്രൈവര്‍മാരുടെ കുറവാണുണ്ടായിരുന്നത്. എട്ടുപേര്‍ ജനറല്‍ ട്രാന്‍സ്ഫര്‍ ആയതോടെ കുറവ് 13 ആയി. കണ്ടക്ടര്‍ 35 വേണ്ടിടത്ത് 30 പേര് മാത്രമാണുള്ളത്. ഇതിനിടെ ചിലര്‍ മെഡിക്കല്‍ ലീവ് കൂടി എടുക്കുന്നതോടെ സര്‍വീസുകളെല്ലാം താളംതെറ്റും. ഭൂരിഭാഗം സര്‍വീസുകള്‍ക്കും പ്രതിദിനം നല്ല കളക്ഷന്‍ ലഭിച്ചിരുന്നു. വരുമാനത്തില്‍ മുന്നിലാണെങ്കിലും ആവശ്യത്തിന് ആവശ്യത്തിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇല്ലാത്തതിനാലാണ് സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. ജില്ലയിലെ ഏറ്റവും കുറവ് ജീവനക്കാരുള്ള ഓപ്പറേറ്റിംഗ് സെന്ററാണിത്. അതു വരുമാനത്തെ സാരമായി ബാധിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു. വരുമാനം കുറഞ്ഞാല്‍ പൂട്ടേണ്ടിവരുമെന്നാണ് ജീവനക്കാരുടെ ആശങ്ക. എന്നിട്ടും ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കാന്‍ തയ്യാറാകുന്നില്ല. ആലുവ, എറണാകുളം, പാലക്കാട്, സര്‍വീസുകള്‍ നിരന്തരം ഒഴിവാക്കേണ്ട അവസ്ഥയാണ്. ഇതിനുപുറമേ മതിലകം – ഇരിങ്ങാലക്കുട, വെള്ളാനിക്കോട് – ഇരിങ്ങാലക്കുട – മെഡിക്കല്‍ കോളജ്, ഇരിങ്ങാലക്കുട – വൈറ്റില സര്‍വീസുകളും നടത്താന്‍ ആകുന്നല്ല. ജീവനക്കാരെ അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയൊന്നുമുണ്ടായിട്ടില്ല. ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്ന് ഇപ്പോള്‍ രണ്ടു നാലമ്പലം സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ഈ സര്‍വീസുകള്‍ക്കായുള്ള ജീവനക്കാരെ എല്ലാവര്‍ഷവും ചാലക്കുടി ഡിപ്പോയില്‍നിന്ന് നിയമിക്കാറാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം അതുണ്ടായില്ല. അതിനാല്‍ കളക്ഷന്‍ ഉണ്ടായിരുന്ന മറ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി അതിലെ ജീവനക്കാരെയാണ് നാലമ്പലം തീര്‍ഥാടന സര്‍വീസുകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നതിനായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടികള്‍ ഓടിതുടങ്ങുമെന്ന സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര്. ബിന്ദുവിന്റെ വാഗ്ദാനം പാഴ്വാക്കാകുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നിലവിലുള്ള സര്‍വീസുകള്‍ തന്നെ വെട്ടിച്ചുരുക്കികൊണ്ടിരിക്കുന്ന ഓപ്പറേറ്റിംഗ് സെന്ററില്‍നിന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിനേക്കാള്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് നിലവിലുള്ള സര്‍വീസുള്‍ മുടക്കംകൂടാതെനടത്തി വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.