ക്രൈസ്റ്റ് കോളജില്‍ 321 വിഭവങ്ങളുമായി മെഗാ ഓണസദ്യ ഒരുക്കി വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ 321 വിഭവങ്ങളുമായി മെഗാ ഓണസദ്യ ഒരുക്കി വിദ്യാര്‍ഥികള്‍. സ്വാശ്രയ കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചോറും സാമ്പാറും വിവിധതരം കറികളും പായസങ്ങളും വറവും അടക്കമാണു സദ്യ ഒരുക്കിയത്. ക്രൈസ്റ്റ് കോളജ് കഴിഞ്ഞ വര്‍ഷം നടത്തിയ മെഗാസദ്യയുടെ ചരിത്രം ഇതോടെ തിരുത്തിക്കുറിച്ചു. പരമ്പരാഗത രീതിയില്‍ ഒരു സ്ഥാപനം സംഘടിപ്പിച്ച പച്ചക്കറികള്‍ മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയ മെഗാസദ്യക്കാണ് ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് ലഭിച്ചത്. വാഴയിലയില്‍ ചോറ്, മെയിന്‍ കറികള്‍, സൈഡ് കറികള്‍, ഉപ്പിലിട്ടത്, ചമ്മന്തികള്‍, അച്ചാറുകള്‍, പായസം ഉള്‍പ്പടെ 239 തരത്തിലുളള വിഭവങ്ങളുടെ സദ്യയാണ് ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം പിടിച്ചത്.
ഈ വര്‍ഷം 41 തരം പായസം, 36 മെയിന്‍ കറികള്‍, 44 സൈഡ് കറികള്‍, 67 തരത്തിലുള്ള തോരന്‍, 31 തരത്തിലുളള അച്ചാറുകള്‍, 31 തരം ചമന്തി, 20 തരം ഉപ്പിലിട്ടത്, 25 തരം വറവുകള്‍, 19 തരം മധുര പലഹാരങ്ങള്‍, ഉപ്പ്, പഴം, നെയ്യ്-പരിപ്പ്, ചോറ്, വെളളം എന്നിങ്ങനെ 321 തരത്തിലുള്ള വിഭവങ്ങളുമായാണ് ഇത്തവണത്തെ മെഗാസദ്യ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിഭവങ്ങളുടെ നിരയില്‍ സദ്യക്കു വിളമ്പുന്ന മധുര പലഹാരങ്ങള്‍ ഉള്‍പ്പടെയാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. അധ്യാപകര്‍ കറികളെക്കുറിച്ച് റിസര്‍ച്ച് നടത്തിയാണു വിവിധ കറികളള്ക്കു രൂപം കൊടുത്തിടുളളത്.
ഏകദേരം ആയിരത്തിൽപ്പരം പേര്‍ക്ക് സദ്യ വിളമ്പി നല്കി. ഇത്തവണത്തെ മെഗാസദ്യ ഏഷ്യന്‍ ബുക്ക് റിക്കാര്‍ഡ് ചരിത്രം തിരുത്തികുറിക്കുമെന്നും പുതിയതായി ഗിന്നസ് ബുക്കില്‍ ഇടം ലഭിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ എന്നിവര്‍ അഭിപ്രായപ്പെട്ടത്.
ഭാരതസര്‍ക്കാരിന്റെ ടെലികോ അഡ്വെെസറി കമ്മിറ്റി അംഗം അസീസ് അബ്ദുള്ള മെഗാസദ്യ സദ്യ ഉദ്ഘാടനം ചെയ്തു. മെഗാസദ്യയുടെ ഉദ്ഘാടകന്‍ 321 വിഭവങ്ങള്‍ ഉണ്ടെന്ന് എണ്ണി സാക്ഷ്യപ്പെടുത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, വാര്‍ഡ് മെമ്പര്‍ ജെയ്സണ്‍ പാറേക്കാടന്‍, ക്രൈസ്റ്റ് സ്വാശ്രയ വിഭാഗം ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ സിഎംഐ, കോ-ഒാര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് അംഗങ്ങളായ മധു, ജാക്സണ്, രഞ്ജിത്ത് തുടങ്ങിയവര്‍ സദ്യയില്‍ പങ്കെടുത്തു. സ്വാശ്രയ വിഭാഗം മുതിര്‍ന്ന അധ്യാപകരായ പ്രഫ. കെ.ജെ. ജോസഫ്, പ്രഫ. കെ.ഒ. ഫ്രാന്‍സീസ്, പ്രഫ. പി.ജി. തോമാസ്, ഡോ. പി.എല്‍. ജോര്‍ജ്, കോ-ഒാർഡിനേറ്റര്‍ വി. സന്ധ്യ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റര്‍ അക്ഷര തുടങ്ങിയവർ നേതൃത്വം നല്കി.