നാടന്‍ സദ്യയൊരുക്കുവാന്‍ ഓണ സമൃദ്ധി കര്‍ഷക ചന്ത കാട്ടൂരില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: വിലക്കയറ്റം നിയന്ത്രിക്കാനും കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനും ഓണക്കാലത്ത് കര്‍ഷക ചന്തയുമായി കൃഷി വകുപ്പ്. വിപണി ഇടപെടല്‍ പദ്ധതി പ്രകാരമാണ് ഓണ സമൃദ്ധി കര്‍ഷക ചന്ത ആരംഭിച്ചിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് പത്ത് ശതമാനം അധിക വിലയ്ക്ക് സംഭരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പൊതുവിപണിയെക്കാള്‍ മുപ്പത് ശതമാനം വിലക്കിഴിവില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് അധികൃതര്‍ കര്‍ഷക ചന്തയിലൂടെ ലക്ഷ്യമിടുന്നത്. ഹോര്‍ട്ടിക്കോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ കൃഷിക്ക് ഏറെ പ്രാധാന്യമുള്ള കാട്ടൂര്‍ പഞ്ചായത്തിലാണ് ഇത്തവണ നാലുനാള്‍ നീണ്ടു നില്ക്കുന്ന നിയോജകമണ്ഡലതല കര്‍ഷക ചന്ത ആരംഭിച്ചിരിക്കുന്നത്. കാട്ടൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു കര്‍ഷക ചന്യുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷിക കേരളത്തിന്റെ ഐശ്വര്യ പൂര്‍ണമായ മുഖം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി സര്‍ക്കാര്‍ നടത്തുന്നതെന്നും പൊന്നാനി കോള്‍പ്പാട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്ടൂര്‍ പഞ്ചായത്തിലെ തെക്കുംപ്പാടം പാടശേഖരങ്ങളുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, അംഗങ്ങള്‍, കര്‍ഷക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ നീരജ ഉണ്ണി സ്വാഗതവും ടി.കെ. രഹിത നന്ദിയും പറഞ്ഞു.