നഗരസഭയുടെ 2020-21 വർഷത്തെ ഓഡിറ്റിംഗ് റിപ്പോർട്ടിലെ പരാമർശങ്ങളിൽ എതിർപ്പുമായി പ്രതിപക്ഷ കക്ഷികൾ
ഇരിങ്ങാലക്കുട: നഗരസഭയുടെ 2020- 21 വർഷത്തെ ഓഡിറ്റിംഗ് റിപ്പോർട്ടിലെ പരാമർശങ്ങളിൽ എതിർപ്പുമായി പ്രതിപക്ഷ കക്ഷികൾ. ഇന്നലെയാണ് ഓഡിറ്റിംഗ് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി കൗണ്‍സിൽ ഹാളിൽ യോഗം ചേർന്നത്. അടിസ്ഥാനപരമായി പരിപാലിക്കേണ്ട രജിസ്റ്ററുകൾ ഇല്ലാത്തതും വേണ്ടത്ര സമയം അനുവദിച്ചിട്ടുപോലും ഓഡിറ്റിംഗ് സംഘം ആവശ്യപ്പെട്ട രേഖകൾ നൽകാൻ സാധിക്കാതിരുന്നതും ഏറെ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ പറഞ്ഞു.
ഓണാഘോഷ തിരക്കുകൾക്കിടയിൽ ചർച്ച നടത്തിയതിനാൽ പല അംഗങ്ങൾക്കും എത്താനായില്ല. ഓഡിറ്റിംഗ് റിപ്പോർട്ട് ചർച്ച ചെയ്യുവാൻ കാലതാമസം എടുത്തത് വിശദീകരിക്കണം. പൊതുമരാമത്തുമായി ബന്ധപ്പെട്ടാണു പരാതികളേറെ. അനധികൃത നിർമാണങ്ങളിൽ നടപടികൾ സ്വീകരിക്കുന്നില്ല. വൗച്ചറുകൾ സൂക്ഷിക്കുന്നില്ലെന്നതും പരിഹരിക്കുവാൻ സാധിക്കുന്ന കാര്യങ്ങൾ സങ്കീർണമാക്കിയെന്നും കെ.ആർ. വിജയ ആരോപിച്ചു.
വാതിൽമാടം കോളനിയിലെ സംരക്ഷണ ഭിത്തി നിർമാണം, ഷീലോഡ്ജ് നിർമാണം, ചാത്തൻ മാസ്റ്റർ ഹാൾ നിർമാണം എന്നിവയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഭരണകക്ഷിയുടെ കഴിവുകേടാണ് തെളിയിക്കുന്നതെന്നു അവർ കൂട്ടിചേർത്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി വാർഡുകളിലേക്ക് നീക്കിവക്കുന്ന തുക ശരിയായ രീതിയിലല്ലെന്നും നഗരസഭക്ക് സ്വന്തമായി ക്രിമിറ്റോറിയമില്ലെന്നും അതിനുള്ള നടപടികൾ 2013 ൽ ആരംഭിച്ചെങ്കിലും മുന്നോട്ടു പോകുവാൻ സാധിക്കാത്തത് ഭരണപക്ഷത്തിന്റെ ഇച്ഛാശക്തിയില്ലായ്മയാണെന്ന് ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു.
ക്രിമിറ്റോറിയത്തിനായി നീക്കിവച്ച് തുക തിരിച്ചടക്കാനുള്ള നിർദേശമാണ് ഇപ്പോൾ വന്നത്. ചാത്തൻമാസ്റ്റർ ഹാൾ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീടങ്ങോട്് തിരിഞ്ഞു നോക്കിയില്ലെന്നു എൽഡിഎഫ് കൗണ്‍സിലർ ജയാനന്ദൻ പറഞ്ഞു. സൗകര്യ കുറവുകൾ ഏറെയാണ്. ജനറേറ്റർ പ്രവർത്തിക്കുന്നില്ലെന്നു മാത്രമല്ല, കിണറ്റിലെ വെള്ളം ഉപയോഗ്യമല്ലാത്തതിനാൽ വാടകക്കെടുക്കുന്നവർ ടാങ്കില വെള്ളം കൊണ്ടുവരേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. ചാത്തൻ മാസ്റ്റർ ഹാൾ നിർമാണത്തിനു വേണ്ടി നീക്കം ചെയ്ത മണ്ണിനെ സംബന്ധിച്ചു പോലും വ്യക്തമായ രേഖയില്ലെന്നുള്ളത് ഓഡിറ്റിംഗ് റിപ്പോർട്ടിൽ പരാമർശിക്കേണ്ടി വന്നത് ഏറെ ഖേദകരമാണെന്ന് എൽഡിഎഫ് കൗണ്‍സിലർ സി.സി. ഷിബിൻ പറഞ്ഞു. ടാറിംഗ് നടത്തിയ റോഡു പോലും ആസ്തി രജിസ്റ്ററിലില്ല എന്നുള്ള അവസ്ഥയാണ് നഗരസഭയിലുള്ളതെന്ന് എൽഡിഎഫ് കൗണ്‍സിലർ അംബിക പള്ളിപ്പുറത്ത് പറഞ്ഞു.
ക്രിമിറ്റോറിയം നിർമിക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ നടന്നിട്ടുണ്ടെന്നും ഈ ഭരണസമിതിയുടെ കാലത്തു തന്നെ യാഥാർഥ്യമാക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർപേഴ്സണ്‍ സുജ സഞ്ജീവ്കുമാർ പറഞ്ഞു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന എബിസി സെന്റർ സർക്കാർ മൃഗാശുപത്രിക്കു സമീപം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചാത്തൻ മാസ്റ്റർ ഹാളിൽ പലരും ഉന്നയിക്കുന്നത്ര പ്രശ്നങ്ങളില്ലെന്നും ഒരു ടൈൽ മാത്രമാണ് പൊട്ടിയിട്ടുള്ളതെന്നും ഗുണമേ· പരിശോധിക്കുവാൻ അസിസ്റ്റന്റ് എൻജിനീയറോട് നിർദേശിച്ചിട്ടുണ്ടെന്നും കിണറ്റിലെ വെള്ളം ക്ലോറിനേൻ നടത്തി പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും ചെയർപേഴ്സണ്‍ പറഞ്ഞു. കൗണ്‍സിലർമാരായ അഡ്വ. ജിഷ ജോബി, അൽഫോണ്‍സ തോമസ്, ഷെല്ലി വിൻസന്റ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.