പടിയൂര്‍ കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചു; താഴ്ന്നപ്രദേശങ്ങളില്‍ വെള്ളക്കെട്ട്. കൂത്തുമാക്കല്‍, മേനാലി പ്രദേശവാസികള്‍ ആശങ്കയില്‍
എടതിരിഞ്ഞി: കെഎല്‍ഡിസി കനാലിലെ കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചതോടെ പടിയൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ കൂത്തുമാക്കല്‍, മേനാലി, കാക്കാത്തുരുത്തി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. പഞ്ചായത്തിലെ ഏറ്റവും താഴ്ന്നപ്രദേശമാണ് കാക്കാത്തുരുത്തി, മേനാലി മേഖല. ഈ പ്രദേശങ്ങളിലെ ഇരുപതോളം വീടുകളിലാണ് വെള്ളക്കെട്ട് ഭീഷണിയുള്ളത്.
ഡാമുകളില്‍ വെള്ളം കുറഞ്ഞതിനെത്തുടര്‍ന്ന് പാടശേഖരങ്ങളില്‍ കൃഷിയൊരുക്കുന്നതിനായി ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരമാണ് വെള്ളം സംഭരിക്കുന്നതിനായി കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചത്. ഇതിനോടുചേര്‍ന്നുള്ള പള്ളിത്തോട്, കാക്കാത്തുരുത്തി ഫാം തോട് എന്നിവയില്‍ ചീപ്പുകള്‍ പുനഃസ്ഥാപിക്കാത്തതിനാല്‍ അതുവഴി താഴ്ന്നപ്രദേശങ്ങളിലേക്ക് വെള്ളം കയറുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്തെ റോഡുകളിലൂടെ വെള്ളം പരന്നൊഴുകുകയാണ്. വെള്ളംകയറിയ പ്രദേശങ്ങളിലെ കൃഷി നശിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.