പോലീസ് രഹസ്യന്വേഷണ വിഭാഗം റിപ്പേര്‍ട്ട്: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന സുരേഷിന്റെ ജീവനു ഭീഷണി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിലെ ക്രമകേടുകള്‍ ആദ്യം വെളിച്ചത്തു കൊണ്ടു വന്ന വ്യക്തിക്കു ജീവനു ഭീഷണി ഉണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ബാങ്ക് ജീവനക്കാരനുമായിരുന്ന പൊറത്തിശേരി മുപ്പുള്ളി വീട്ടില്‍ എം.വി. സുരേഷിനാണു ജീവനു ഭീഷണിയുള്ളത്. ഇതു സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പേര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ പൊറത്തിശേരിയിലെ വീടിനു മുന്നില്‍ പോലീസിന്റെ പഞ്ചിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2005 ല്‍ ബാങ്കിന്റെ സിവില്സ്റ്റേഷന് എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ മാനേജരും മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം.വി. സുരേഷാണ് സിപിഎം ജില്ലാ സെക്രട്ടറി ബേബി ജോണിനു ബാങ്കിലെ ക്രമക്കേടു സംബന്ധിച്ച് ആദ്യമായി പരാതി നല്‍കുന്നത്. തന്റെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ബാങ്കില്‍ നടക്കുന്ന ക്രമകേടുകള്‍ നിയന്ത്രിക്കണമെന്നായിരുന്നു പരാതിയിലുള്ളത്. അന്വേഷണ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തിരുന്നുവെങ്കിലും പിന്നീട് എ.സി. മൊയ്തീന് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതോടെ അന്വേഷണം മരവിച്ചു.
2015 ല്‍ പൊറത്തിശേരി ചിറ മണപ്പെട്ടി ബാലന് എന്ന വ്യക്തിയുടെ 67500 രൂപയുടെ നിക്ഷേപത്തില്‍ നിന്നും സെക്രട്ടറിയും വനിതാ ജീവനക്കാരിയും ചേര്‍ന്ന് ലോണെടുത്ത് ഇരുവരും പങ്കുവച്ച സംഭവം പരാതിപ്പട്ടതോടെ സുരേഷിനെതിരെ വനിതാ ജീവനക്കാരിയില്‍ നിന്നും പരാതി എഴുതി വാങ്ങുകയായിരുന്നു ബാങ്ക് അധികൃതര്‍ ചെയ്തത്. 2015 നവംബര്‍ 11 ന് ബാങ്കില്‍നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെ 2016 ല്‍ സുരേഷ് സിപിഎംവിട്ട് ബിജെപിയില്‍ ചേര്‍ന്നു.
2018 ഓഗസ്റ്റ് 20 ന് ജോലിയില്‍ നിന്നും പിരിച്ചു വിട്ടതോടെ 2019 ജനുവരി 16 ന് ജോയിന്റ് രജിസ്ട്രാര്‍ക്ക് ക്രമകേടുകള്‍ സംബന്ധിച്ച് പരാതി നല്കി. ബാങ്കിന്റെ ക്രമകേടുകള്‍ പുറത്തുവരുവാന്‍ കാരണം സുരേഷിന്റെ ഇത്തരം പരാതികളാണ്. ഇതാണ് സുരേഷിനു ഭീഷണി ഉണ്ടാകുവാന്‍ കാരണം.
സുരേഷ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ സുനിതയും സഹോദരി സുമനയുമാണ് ആശുപത്രിയില്‍ സുരേഷിന് കൂട്ടിനുള്ളത്. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ കാണുവാന്‍ ആശുപത്രിയില്‍ എത്തിയിരുന്നുവെന്നും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചതായി സുരേഷ് പറഞ്ഞു. സുരേഷിനുപോലീസ് സുരക്ഷ ഒരുക്കണമെന്ന് ബിജെപി നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.