അപകടക്കെണിയുമായി ഇരിങ്ങാലക്കുട നഗരത്തിലെ പൊതുനിരത്തുകള്‍
ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡിലും വാഹന യാത്രികര്‍ക്ക് ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിച്ച ബൈപ്പാസ് റോഡിലും കുഴികള്‍ നിരന്തരം അപകടങ്ങള്‍ സൃഷ്ടിച്ചിട്ടും മുഖം തിരിച്ച് അധികൃതര്‍. നാട്ടുകാരുടെ പരാതി ഉയര്‍ന്നിട്ടും ശാശ്വതമായ പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകുന്നില്ല. കൊടുങ്ങല്ലൂര്‍ തൃശൂര്‍ സംസ്ഥാനപാതയില്‍ വാട്ടര്‍ അതോറിറ്റി പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡ് മാസങ്ങള്‍ പിന്നിട്ടിട്ടും റീ ടാറിംഗ് ചെയ്യാത്തതുമൂലം ഇരുചക്ര വാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്.
ബൈപ്പാസ് റോഡിലാകട്ടെ മഴ പെയ്ത് വെള്ളം നിറയുമ്പോള്‍ ആഴം അറിയാതെ കുഴികളില്‍ ചാടിയും നീന്തിത്തുടിച്ചും വാഹന യാത്രികര്‍ക്ക് ദുരിത യാത്രയാണ് സമ്മാനിക്കുന്നത്. 2020 ല്‍ 34 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ബൈപ്പാസ് റോഡ് ഇനിയും സഞ്ചാരയോഗ്യമല്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് 10 വര്‍ഷം പിന്നിട്ടിട്ടും ഇരുവശങ്ങളിലും കാന നിര്‍മിക്കുകയോ നടപ്പാതകള്‍ ഒരുക്കുകയോ ചെയ്തിട്ടില്ല. ബൈപ്പാസ് റോഡിലെ വഴിവിളക്കുകള്‍ തെളിയാത്തതിനാല്‍ രാത്രിയില്‍ കക്കൂസ് മാലിന്യം അടക്കം റോഡരിയില്‍ തള്ളുന്നതും പ്രദേശവാസികളുടെ ദുരിതം ഇരട്ടിയാക്കുന്നു.
കൊടുങ്ങല്ലൂര്‍ തൃശൂര്‍ സംസ്ഥാന പാതയുടെ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ റോഡിലെ മരണക്കെണികളായ അപകടക്കുഴികള്‍ അതിന്റെ ഭാഗമായുള്ള നിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ ശരിയാക്കാം എന്ന മട്ടിലാണ് അധികാരികള്‍. ഠാണാ ജംഗ്ഷന് മുതല്‍ എസ്എന്‍ സ്കൂള്‍ വരെയുള്ള റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കുകയാണ്. ഇരിങ്ങാലക്കുട നഗരത്തിലെ പൊതുനിരത്തുകള്‍ എത്രയും വേഗം കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.