കരുവന്നൂര്‍ തട്ടിപ്പിന് ഒരു ഇരകൂടി; ശശിയുടെ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ നേതാക്കളെത്തി
സുരേഷ് ഗോപിയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറും കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി
സിപിഎം നേതാക്കളും കുടുംബത്തെ കാണാനെത്തി
കടം വീട്ടുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയതായി ശശിയുടെ സഹോദരി മിനി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം ലഭിക്കാതെ മരിച്ച തേലപ്പിള്ളി കോളേങ്ങാട്ടുപ്പറമ്പില് ശശിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നേതാക്കളെത്തി. കോണ്‍ഗ്രസ്, ബിജെപി, സിപിഎം നേതാക്കളാണ് ഇന്നലെ വൈകീട്ടോടെ ശശിയുടെ വീട്ടിലെത്തിയത്. സുരേഷ് ഗോപി ബിജെപി നേതാക്കളോടൊപ്പമാണ് എത്തിച്ചേര്‍ന്നത്. മരണപ്പെട്ട ശശിയുടെ മാതാവ് തങ്കയുമായി ഏറേനേരം സംസാരിച്ചു.
കുടുംബത്തിന്റെ ചികിത്സാചെലവ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മണ്ണില്‍ പണിയെടുത്ത് ഉപജീവനം നടത്തി ജീവിതം കെട്ടിപ്പടുക്കുന്നവന്റെ വികാരം നാം ഉള്‍ക്കൊള്ളണം. പണം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. നിക്ഷേപം നഷ്ടപ്പെട്ട ഒട്ടേറെപ്പേരാണ് സുരേഷ് ഗോപിക്കു മുന്നില്‍ സങ്കടങ്ങള്‍ ബോധിപ്പിക്കാനെത്തിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്. ഹരി, മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മണ്ഡലം സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റ് സണ്ണി കവലക്കാട്ട്, എം.കെ. സുരേഷ്, നഗരസഭ കൗണ്‍സിലര്‍മാരായ ആര്‍ച്ച അനീഷ്, സരിത സുഭാഷ്, മായ അജയന്, ബിജെപി നേതാക്കളായ സന്തോഷ് കോഞ്ചാത്ത്, സൂരജ് കടുങ്ങാടന്‍ എന്നിവരും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. ശശിയുടെ മൂന്നുലക്ഷത്തിന്റെ കടം വീട്ടുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയതായും മാതാവ് തങ്കയ്ക്ക് മരുന്നുകള്‍ വീട്ടിലെത്തിക്കാമെന്നും സുരേഷ് ഗോപി ഉറപ്പുനല്‍കിയതായി ശശിയുടെ സഹോദരി മിനി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശശിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ അിത്കുമാര് എന്നിവര്‍ ഡിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു. നിക്ഷേപ തുക തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ശശിയുടെ മാതാവ് തങ്കക്കും കുടുംബത്തിനും ഉറപ്പുനല്‍കി. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെടുവാന്‍ അനുവദിക്കില്ലന്നും പണം തിരികെ ലഭിക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും ജോസ് വള്ളൂര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ശശിയുടെ വീട് സന്ദര്‍ശിച്ചു. സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്. ജീവന്‍ലാല്‍, ഏരിയ കമ്മറ്റിയംഗം മനു മോഹനന് എന്നിവരും ശശിയുടെ വീട് സന്ദര്‍ശിച്ചു. സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നതിനും കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു സന്ദര്‍ശനമെന്ന് സിപിഎം നേതൃത്വംപറഞ്ഞു.