പുല്ലൂര്‍ ഉരിയച്ചിറ അപകടവളവ്; നേരെയാകാന്‍ എത്രനാള്‍ ? പദ്ധതി സമര്‍പ്പിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും അനുമതിയില്ല
പുല്ലൂര്‍: പുല്ലൂര്‍ ഉരിയച്ചിറയിലെ അപകടവളവ് ഒഴിവാക്കാന്‍ പൊതുമരാമത്തുവകുപ്പ് പദ്ധതി സമര്‍പ്പിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ അനുമതിയായില്ല. തിരക്കേറിയ പോട്ട – മൂന്നുപീടിക സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുട നഗരസഭാ അതിര്‍ത്തിയിലുള്ള ഉരിയച്ചിറയോട് ചേര്‍ന്നുള്ള അപകടവളവ് നേരെയാക്കാന്‍ 90 ലക്ഷം രൂപയുടെ പദ്ധതിയാണ് പൊതുമരാമത്തുവകുപ്പ് സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ സമര്‍പ്പിച്ച പദ്ധതിക്ക് ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായിട്ടില്ല. നേരത്തെ പുല്ലൂര്‍ ആശുപത്രിക്ക് സമീപമുള്ള അപകടവളവിലെ കെെയേറ്റങ്ങള്‍ ഒഴിവാക്കി റോഡ് വീതികൂട്ടിയപ്പോള്‍ ഉരിയച്ചിറ അപകടവളവ് പരിഗണിക്കാതിരുന്നത് വലിയ പ്രതിക്ഷേധത്തിനിടയാക്കിയിരുന്നു. ഉരിയച്ചിറ വരെയാണ് അന്ന് റോഡ് വീതികൂട്ടിയത്. ഉരിയച്ചിറയിലെ അപകടവളവ് ഒഴിവാക്കുമെന്ന് നേരത്തെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല.
പുല്ലൂര്‍ ഉരിയചിറ പ്രദേശത്ത് കൊടുംവളവില്‍ അപകടങ്ങള്‍ പതിവാണ്. സുരക്ഷാക്രമീകരണങ്ങളുടെ പോരായ്മമൂലം ഇവിടെ പൊലിയുന്നത് നിരവധിപേരുടെ ജീവനാണ്. സിഗ്നല്‍ ബോര്‍ഡുകളില്ല, സൈന്‍ ബോര്‍ഡുകള്‍ കാണാനേയില്ല. സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കില്‍ റോഡില്നിന്നുനേരെ പോകുന്നത് മരച്ചുവടിലേക്കോ, പാടത്തേക്കോ അല്ലെങ്കില്‍ വലിയ വാഹനങ്ങളുടെ അടിയിലേക്കോ ആയിരിക്കും. രാത്രി സമയത്ത് ഈ റോഡില്‍ പലപ്പോഴും വൈദ്യുതി വിളക്കുകള്‍ കത്താറുമില്ല. ഇവ സ്ഥാപിക്കുന്നതിനൊപ്പം സ്പീഡ് ബ്രേക്കറുകളും വേണ്ടതുണ്ട്. മുമ്പ് സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളുകളെല്ലാംതന്നെ റോഡിനിരുവശത്തുള്ള പാടശേഖരത്തിലേക്ക് സാമൂഹികദ്രോഹികള്‍ വലിച്ചെറിയുകയാണുണ്ടായത്.
2012 ലാണ് പോട്ട – മൂന്നുപീടിക സംസ്ഥാനപാതയില്‍ അപകടവളവ് ഒഴിവാക്കിക്കൊണ്ടുള്ള റോഡിനായി പൊതുമരാമത്ത് സ്ഥലം അടയാളപ്പെടുത്തിയത്. എന്നാല്‍ ഉരിയച്ചിറയിലെ അപകടവളവ് അന്നാരും ശ്രദ്ധയില്‍പ്പെടുത്താതിരുന്നതാണ് അതൊഴിവാക്കാന് കാരണമെന്നായിരുന്നു പൊതുമരാമത്തുവകുപ്പ് പറഞ്ഞത്. ചിറയുടെ വളവുതീര്‍ത്ത് യാത്ര സുഗമമാക്കുമെന്ന പ്രഖ്യാപനം യാഥാര്ഥ്യമാകാത്തതിനെത്തുടര്ന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് ലഭ്യമായാല്‍ നിര്‍മാണം ആരംഭിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് വ്യക്തമാക്കി.