പാടി കൊതിതീരുംമുമ്പേ അവള് യാത്രയായി തെരേസക്കുട്ടിക്കു നാട് കണ്ണീരൊടെ വിടചൊല്ലി
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലിലെ അള്ത്താരയ്ക്കടുത്തുനിന്ന് പാടി തുടങ്ങിയ കൊച്ചുമിടുക്കി തെരേസക്കു നാടു കണ്ണുനീരോടെ വിടചൊല്ലി. അമ്മേ.. തായേ… മാതാവേ…മക്കള്‍ക്കായി മാധ്യസ്ഥം പ്രാര്‍ഥിക്കണേ… എന്നു തുടങ്ങുന്ന മരിയന്‍ ഗാനം കൊച്ചുഗായികയായ തെരേസയാണ് പാടിയത്. 2022 ഒക്ടോബറില്‍ ജപമാല മാസാചരണത്തിന്റെ ഭാഗമായി കത്തീഡ്രൽ ജീസസ് യൂത്ത് പ്രാര്‍ഥനാ കൂട്ടായ്മക്കുവേണ്ടിയാണ് ഈ ഗാനം ആലപിച്ചത്. മേരി ഡിഡി യു നൊ എന്ന ഇംഗ്ലീഷ് ഗാനവും തെരേസ ആലപിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ആല്‍ബങ്ങളിലും ഇവളുടെ പാട്ടുകളുണ്ട്. ദിവസവും രാവിലെ ആറിന്റെ ദിവ്യബലിക്കു പാട്ടുപാടിയിരുന്ന തെരേസ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ഗായകസംഘത്തിലെ അംഗമായിരുന്നു. നന്നായി കീബോര്‍ഡും വായിച്ചിരുന്നു. ഇടവകയിലെയും കുടുംബ യൂണിറ്റിലെയും മതബോധന രംഗത്തെയും സജീവ സാന്നിധ്യമായി രുന്നു ഈ മിടുക്കി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനില്‍ പത്താം ക്ലാസിലും പ്ലസ്ടുവിനും സ്കൂളില്‍ ടോപ്പറായിരുന്നു. ഇക്കഴിഞ്ഞ ഈസ്റ്ററിനുമുമ്പാണു കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. ഇരിങ്ങാലക്കുട ആസാദ് റോഡിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ സഹപാഠികളും നാട്ടുകാരുമടക്കം നിരവധി പേരാണ് എത്തിയത്.