കഞ്ചാവിന്റെ ഉറവിടം എവിടെ ? അന്വേഷണം തുടങ്ങിയിട്ട് ഏഴുമാസം പിന്നിട്ടു
ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ലഭിച്ചത് 70 കിലോയോളം വരുന്ന കഞ്ചാവ് പായ്ക്കറ്റുകള്‍
ഇരിങ്ങാലക്കുട: ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ലഭിച്ച കഞ്ചാവ് പായ്ക്കറ്റുകളുടെ ഉറവിടം കണ്ടെത്താനാകാതെ പോലീസ്. ഈ വര്‍ഷം മാര്‍ച്ച് 24 ന് രാത്രിയിലാണ് ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ താണിശേരി ചുങ്കത്തിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിന്നും എഴുപത് കിലോയോളം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. നാല്പത് പായ്ക്കറ്റുകളിലായിട്ടാണ് ഇവ കിടന്നിരുന്നത്. മാസങ്ങളുടെ പഴക്കമുണ്ടായിരുന്നു കഞ്ചാവ് പായ്ക്ക്റ്റുകള്ക്ക്. ചില പാക്കറ്റുകള്‍ കീറിയ നിലയിലായിരുന്നു.
തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ദോഗ്രക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തിയത്. കഞ്ചാവ് മൊത്ത കച്ചവടക്കാരാണ് ഇതിനു പിന്നിലെന്ന സംശയവും ഉയര്‍ന്നു വന്നിരുന്നു. ഈ മേഖലയിലെ കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ടുള്ളവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. മുമ്പ് ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ലഭിച്ച കഞ്ചാവ് പായ്ക്കറ്റുകള്‍ക്ക് ആറുമാസത്തോളം പഴക്കമുള്ളതിനാല്‍ ഉറവിടം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് പോലീസ് നിഗമനം.