ഒക്സിജന്‍ കോണ്സെന്ട്രേറ്റല് നല്കുന്നതില് സിപിഎം രാഷ്ട്രീയം കളിച്ച് മുടക്കിയെന്ന് കോണ്‍ഗ്രസ്
ബ്ലോക്ക് യോഗത്തില്‍നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങി പോക്ക് നടത്തി. വിതരണം ചെയ്യാനിരുന്നത് എട്ടര ലക്ഷം രൂപയുടെ ഒക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍
ഇരിങ്ങാലക്കുട : പാവങ്ങള്‍ക്ക് ചികിത്സ സഹായമാകേണ്ടിയിരുന്ന ഒക്സിജന്‍ കോണ്സെന്ട്രേറ്റല് നല്കുന്നതില് സിപിഎം രാഷ്ട്രീയം കളിച്ച് മുടക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപോക്ക് നടത്തി. ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി തൃശൂര്‍ ജില്ലാ ബ്രാഞ്ചിന്റെ സ്പോണ്സര്ഷിപ്പില് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പടിയൂര്‍, പൂമംഗലം, വെള്ളാങ്ങല്ലൂര്‍, വേളൂക്കര, പുത്തന്‍ച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ അഞ്ച് പി എച്ച് സി കളിലേക്കും രണ്ട് സി എച്ച് സി കളിലേക്കുമായി ഏഴ് ഒക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് നല്കുവാന് ഉദ്ദേശിച്ചിരുന്നത്. എട്ടര ലക്ഷം രൂപ ചിലവഴിച്ച് ഒക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിതരണത്തിന് തയ്യാറാക്കി.
ബ്ലോക്ക് പഞ്ചായത്തിന്റെ അനുമതിയോടെ 25 ന് ഉദ്ഘാടനം നടത്താന്‍ തീയതി നിശ്ചയിച്ച് നോട്ടീസും തയ്യാറാക്കിയിരുന്നു. എന്നാല്‍ ഉദ്ഘാടനത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മിയെ അധ്യക്ഷനാക്കിയതിനു പകരം ഉദ്ഘാടകയാക്കി പേര് വച്ചില്ല എന്ന് പറഞ്ഞാണ് പരിപാടി വേണ്ടന്ന് വെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിക്കാത്തതിന്റെ പേരില്‍ പരിപാടി വേണ്ടന്ന് വച്ചത് വഴി പാവപ്പെട്ട നിരവധി പേര്‍ക്കുള്ള സഹായമാണ് സി.പി.എം നഷ്ടപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ:ശശികുമാര്‍ എടപ്പുഴ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസ്സി ജോയ്, രഞ്ജിനി ടീച്ചര്‍ എന്നിവരും പ്രസിഡന്റിന്റെ നിലപാടില്‍ വിയോജിപ്പ് രേഖപ്പെടുത്തി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇടതു പക്ഷത്തിനാണ്. പരിപാടി വേണ്ടെന്നു വച്ചിട്ടില്ലെന്നും തീയതിയാണ് മാറ്റിയതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി പ്രസ്തവനയില്‍ അറിയിച്ചു.