നവകേരള സദസ്സ് ഇരിങ്ങാലക്കുടയില്‍ ഡിസംബര്‍ ആറിന് ; 1001 അംഗ സംഘാടക സമിതിയായി
ഇരിങ്ങാലക്കുട: മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ ഠാണാ -ചന്തക്കുന്ന് വികസനത്തിന്റെ സാങ്കേതിക തടസ്സങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തീകരിച്ച് കഴിഞ്ഞതായി മന്ത്രി ഡോ. ആര് ബിന്ദു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം തല നവകേരളസദസ്സിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട, മുരിയാട്, വേളൂക്കര ശുദ്ധജല പദ്ധതി , ആളൂര്‍ കൊടകര ശുദ്ധജല പദ്ധതി, ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍, 2413 കുടുംബങ്ങള്‍ക്ക് പട്ടയ വിതരണം, കെഎസ്ആര്‍ടിസിയില്‍ പുതിയ സര്‍വീസുകള്‍, റോഡുകളുടെ വികസനം , 64 കോടി രൂപയില്‍ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം, കല്ലേറ്റുകരയില്‍ ഉള്ള നിപ്റിന്റെ വികസനം, പൊതു വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവികസന പദ്ധതികള്‍ തുടങ്ങി മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളും മന്ത്രി ചൂണ്ടിക്കാട്ടി.
ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. അതിദരിദ്രക്കാര്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ധനവിനിയോഗം എളുപ്പമാക്കണമെന്നും ട്രഷറി നിയന്ത്രണങ്ങള്‍ മൂലം പണം നല്കാന് കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ പറഞ്ഞു. കലാനിലയം ഉള്‍പ്പെടെയുള്ള പട്ടണത്തിലെ സാംസ്കാരിക സ്ഥാപനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും കലാനിലയത്തിന്റെ ഭരണ സാരഥ്യം കലയുമായി ബന്ധമുള്ളവരെ എല്പിക്കാന് നടപടികള്‍ ഉണ്ടാകണമെന്നും കേരള ഫീഡ്സ് ചെയര്മാന് കെ ശ്രീകുമാര്‍ ആവശ്യപ്പെട്ടു. മുന്‍ എം പി പ്രൊഫ സാവിത്രി ലക്ഷ്മണന്, മുന്‍ എംഎല്‍എ പ്രൊഫ കെ യു അരുണന്, ആര്‍ഡിഒ എം കെ ഷാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയര്‍പേഴ്സണും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് , റവന്യൂ മന്ത്രി കെ രാജന് എന്നിവര്‍ രക്ഷാധികാരികളും ആര്‍ഡിഒ കണ്‍വീനറുമായി 1001 അംഗ സംഘാടക സമിതിക്ക് യോഗം അംഗീകാരം നല്കി. ഡിസംബര്‍ 6 വൈകീട്ട് 4.30 ന് മുനിസിപ്പല്‍ മൈതാനിയിലാണ് നവേരള സദസ്സ് നടക്കുന്നത്.